കോട്ടയം: പുതുപ്പളളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനുവേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരുടെ ചിത്രങ്ങളോടൊപ്പം സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ വച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജെയ്ക്കിന് വോട്ട് തേടിയുള്ള വികാരിയുടെ ശബ്ദ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്നം യുവജന വേദിയാണ് പരാതി നൽകിയത്.
ജെയ്ക്ക് ജയിച്ചാൽ സഭാ തർക്കത്തിൽ അനുകൂല നിയമ നിർമാണം നടത്തുമെന്നായിരുന്നു മണക്കാട് പളളി സഹ വികാരിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആക്ഷേപം. യാക്കോബായ സഭയുടെ പിന്തുണ പുതുപ്പളളിയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാദ്ധ്യത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു മുന്നണികൾ. അതുകൊണ്ടുതന്നെ യാക്കോബായ വിശ്വാസികളുടെ വോട്ടുകൾ എല്ലാമുന്നണികൾക്കും ഏറെ വിലപ്പെട്ടതാണ്. മണക്കാട് പളളി അംഗമാണ് ജെയ്ക്ക്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എട്ടിൽ ആറു പഞ്ചായത്തുകളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യാക്കോബായ സഭാ വിശ്വാസികൾ യു.ഡി.എഫിന് എതിരായി നിലകൊണ്ട പല തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനായിരുന്നു. ഇത് പുതുപ്പളളിയിൽ എൽ.ഡി.എഫിന് ആത്മവിശ്വാസം പകർന്നിരുന്നു. പുതുപ്പളളിയിൽ മുൻ മുഖ്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |