കൊല്ലം : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പത്ത് സ്ഥലത്ത് എല്ലാ ദിവസവും ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന നടത്തും. കൊല്ലം വിക്‌ടോറിയ ആശുപത്രി, കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, നെടുങ്ങോലം, നീണ്ടകര, കടയ്ക്കൽ, കുണ്ടറ താലൂക്ക് ആശുപത്രികൾ, കൊല്ലം ടി.എം. വർഗീസ് ഹാൾ എന്നിവിടങ്ങളിലാണ് സ്ഥിര പരിശോധന നടത്തുക.
ഇന്നലെ കൊവിഡ് 304
കൊല്ലം : ജില്ലയിൽ ഇന്നലെ 304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും സമ്പർക്കം വഴി 298 പേർക്കുമാണ് രോഗം ബാധിച്ചത്. ഇതിന് പുറമേ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
മൊബൈൽ ലാബ് വരുന്നു
മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് എല്ലാ ദിവസവും ആറു ടീമായി വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലെത്തി ടെസ്റ്റുകൾ നടത്തും. ഇന്ന് പാലത്തറ, ഓച്ചിറ, കുണ്ടറ, നിലമേൽ, കുളത്തൂപ്പുഴ, തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും
നാളെ നെടുമൺകാവ്, വെളിനല്ലൂർ, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തും.
രോഗതീവ്രത കൂടുതൽ
കൊവിഡ് രണ്ടാം വരവിൽ 41നും 59നും മദ്ധ്യേ പ്രായമുള്ളവരിലാണ് രോഗതീവ്രത കൂടുതലെന്ന് ഡി.എം.ഒ അറിയിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 30 മുതൽ പ്രായമുള്ള യുവാക്കളുടെ എണ്ണവും കൂടുന്നുണ്ട്. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ല. യുവാക്കളിൽ ഭൂരിപക്ഷത്തിനും രോഗലക്ഷണം കാണപ്പെടുന്നത് അതിതീവ്ര ശ്വാസകോശ പ്രശ്നങ്ങളായാണ്.
മറ്റു രോഗങ്ങൾക്കൊപ്പം കൊവിഡും
മരണപ്പെട്ടവരിൽ 97 ശതമാനം പേരും മറ്റു രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന കൊവിഡ് ബാധിതരാണ്. ഇതിൽത്തന്നെ രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം, കരൾ സംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവ ഉള്ളവരിലാണ് മരണ നിരക്ക് ഏറ്റവും കൂടുതൽ.
രോഗിയുമായി സമ്പർക്കമുണ്ടായാലോ രോഗലക്ഷണങ്ങൾ പ്രകടമായാലോ ഉടൻ ടെസ്റ്റ് നടത്തണം.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |