കോഴിക്കോട്: അദ്ധ്യാപക നിയമനത്തിലെ വിവരാവകാശ അപേക്ഷയ്‌ക്ക് വിചിത്ര മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തുവിടാനാകില്ലെന്നും ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
സ്വന്തക്കാരെ തിരുകികയറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ നിയമനം വിവാദമായിരുന്നു. ഇതേ തുടർന്ന് ഒന്നിലേറെ ഉദ്യോഗാർത്ഥികൾ ഗവർണർക്ക് പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. ഒരു അഭിഭാഷകനാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സർവകലാശാലയ്‌ക്ക് നൽകിയത്. ഇതിൽ ഓരോ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്ക് എത്രയാണെന്ന് ചോദിച്ചിരുന്നു. എന്നാൽ മാർക്ക് പുറത്തുവിട്ടാൽ ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വിചിത്രമായ വാദമായിരുന്നു സർവകലാശാലയുടെ മറുപടി.
വിവരാവകാശ രേഖയ്‌ക്കുളള മറുപടി വന്നതോടെ സർവകലാശാല ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരു പറഞ്ഞാണ് സർവകലശാലയുടെ ഈ തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |