ഒരുപാട് കാലം കഷ്ടപ്പെടുകയും ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടും ഓട്ടത്തിൽ ഒപ്പമെത്താനാകാതെ പോയവരുമുണ്ട്.അത്തരത്തിൽ ബോളിവുഡ് മറന്നു പോയൊരു നടിയാണ് റിമി സെൻ. 2000ത്തിൽ ധാരാളം സിനിമകളിൽ വേഷമിടുകയും പിന്നാലെ ആരാധകരുടെ ചിന്തകളിൽ നിന്നും മായുകയും ചെയ്ത നടിയാണ് റിമി. കുറച്ച് വർഷങ്ങൾ കൂടി കഷ്ടപ്പെടുകയായിരുന്നുവെങ്കിൽ താൻ വിജയിക്കുമായിരുന്നുവെന്നാണ് റിമി പറയുന്നത്. തന്റെ കരിയറിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് റിമി മനസ് തുറന്നത്. തന്റെ കരിയറിലെ വലിയ സിനിമകളിൽ പോലും താൻ വെറുമൊരു ഫർണിച്ചറായിരുന്നുവെന്നാണ് റിമി പറയുന്നത്. അതോടൊപ്പം ആ സമയം താൻ പണം മാത്രമായിരുന്നു നോക്കിയിരുന്നതെന്നും റിമി പറയുന്നു. താൻ ചെറുപ്പമായിരുന്നുവെന്നും അതിന്റെ പക്വതയില്ലായ്മ തനിക്കുണ്ടായിരുന്നുവെന്നും റിമി പറയുന്നു. ''അന്ന് എനിക്ക് പക്വതയുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നു അഗ്രസ്സീവ് ആയിരുന്നു. ഒരുപാട് വർക്ക് ലഭിച്ചിരുന്നു. ഞാൻ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നത്. ഞാൻ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോൽമാൽ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫർണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒ.ടി.ടി പ്ലാറ്റുഫോമുകൾ എല്ലാം മാറ്റിമറിച്ചു...'' റിമി പറയുന്നു. ഇന്നത്തെ ഫിലിംമേക്കർമാർ ധൈര്യശാലികളാണെന്നും നൂറ് കോടി നേടുന്ന ചിത്രങ്ങൾ ഒരുക്കുക എന്ന ബാധ്യത അവർക്കില്ലെന്നും റിമി പറയുന്നു. ക്വിറ്റ് ചെയ്യാൻ തീരുമാനിക്കും മുമ്പ് വേണ്ടത്ര ഫൈറ്റ് ചെയ്യാൻ താൻ തയ്യാറായില്ലെന്നതാണ് തന്റെ പിഴവെന്നും റിമി പറയുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം തന്റെ സിനിമകൾ കാണുമ്പോൾ എന്താണ് നേടിയതെന്ന് ചിന്തിക്കും. ഒന്നുമില്ലെന്നായിരിക്കും ഉത്തരമെന്നും റിമ പറഞ്ഞു. അഷുതോഷ് ഗവാരിക്കറുടെ സ്വദേസ്, രാജ്കുമാർ ഹിറാനിയുടെ മുന്ന ഭായ് എം.ബി.ബി.എസ് പോലുള്ള സിനിമകൾ തനിക്ക് നഷ്ടമായതിനെ കുറിച്ച് മറ്റൊരു അഭിമുഖത്തിലും റിമി സംസാരിച്ചിരുന്നു. ബംഗാളി സിനിമയിലൂടെയായിരുന്നു റിമിയുടെ അരങ്ങേറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |