കുത്തിവയ്ക്കുന്നതിൽ കാലാവധി കഴിഞ്ഞ മരുന്നുകളും
പത്ത് രൂപയുടെ മരുന്നിന് വാങ്ങുന്നത് പതിനായിരങ്ങൾ
തിരുവനന്തപുരം: കൊവിഡ് ഭയന്ന് പൊലീസ് പരിശോധനകൾ ചട്ടപ്പടിയായതോടെ മാരക ലഹരിവസ്തുക്കളുമായി നിശാപാർട്ടികൾ സജീവമാക്കി ലഹരിമാഫിയ. തൃക്കാക്കരയിൽ വൈഗയെന്ന പെൺകുട്ടിയുടെ കൊലപാതകവും പിതാവ് സാനുവിന്റെ തിരോധാനവും സംബന്ധിച്ച അന്വേഷണത്തിൽ ഇവർ താമസിച്ചിരുന്ന ഹാർമണി ഫ്ളാറ്റിലെ നിശാപാർട്ടികൾ പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ആഡംബര ഫ്ലാറ്റുകളിൽ നിന്ന് നിശാപാർട്ടി നടത്തിപ്പുകാരായ ലഹരിമാഫിയ സംഘങ്ങൾ പിടിയിലാകുക കൂടി ചെയ്തു. ഇതോടെയാണ് മെട്രോനഗരങ്ങളിലുൾപ്പെടെ സംസ്ഥാനത്ത് ലഹരി മാഫിയ സജീവമായതിന്റെ വിവരങ്ങൾ പുറത്തായത്.
തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപകമായതോടെ പൊലീസും എക്സൈസും കൊവിഡ് പ്രോട്ടോക്കോൾ സംബന്ധമായ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും രോഗനിരക്ക് ഉയരുന്നതിനാൽ വാഹന പരിശോധന, സംശയിക്കുന്നവരുടെ ദേഹപരിശോധന തുടങ്ങിയ നടപടികൾ കാര്യക്ഷമമല്ലാത്ത സാഹചര്യമാണ് ലഹരിമാഫിയ സംഘം മുതലെടുക്കുന്നത്.
കൊച്ചി നഗരത്തിലേക്ക് ലഹരി പാർട്ടികൾക്കായി സിന്തറ്റിക് ലഹരിമരുന്ന് എത്തിക്കുന്നവരുൾപ്പെടെ ഒരു ഡസനോളം പേർ ഇന്നലെ പൊലീസ് പിടിയിലായതോടെയാണ് സംസ്ഥാനത്ത് ലഹരിമാഫിയ വേരുറപ്പിച്ചതിന്റെ തെളിവുകൾ പുറത്തായത്. കാസർകോട് സ്വദേശികളായ എട്ടുപേരും ആലുവ സ്വദേശികളായ നാലുപേരുമാണ് ഇന്നലെ കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്.
കൊച്ചി ലഹരി ഉപഭോഗം കൂടിയ നഗരം
സിനിമാ രംഗത്തുള്ളവരുൾപ്പെടെ സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് കൊച്ചി.
കൊവിഡ് സാഹചര്യത്തിൽ പൊലീസ് പരിശോധന കുറഞ്ഞത് മുതലാക്കിയാണ് മയക്കുമരുന്ന് സംഘങ്ങൾ വീണ്ടും കൊച്ചിയെ അവരുടെ ഇഷ്ടതാവളമാക്കിയത്.
രാജ്യത്തുതന്നെ ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗമുള്ള നഗരമായി കൊച്ചി മാറിയതിന്റെ സൂചനകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇക്കഴിഞ്ഞ മാർച്ചുവരെ 733 എൽ.എസ്.ഡി. സ്റ്റാമ്പും 116.59 ഗ്രാം എം.ഡി.എം.എ.യുമാണ് നഗരത്തിൽനിന്ന് പിടികൂടിയത്.
സീസണല്ലാത്തപ്പോഴും തുടരുന്ന പാർട്ടികൾ
ക്രിസ്മസ്-പുതുവത്സര സമയത്താണ് ലഹരി പാർട്ടികൾ അധികവും നടത്താറുള്ളത്. സീസണല്ലാത്ത ഇപ്പോൾ ലഹരി പാർട്ടികൾ കുറവാണെന്ന പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം കോടികൾ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് കൊച്ചിനഗരത്തിൽ
നിശാ പാർട്ടികൾ വ്യാപകമാകുകയും പൊലീസ് പരിശോധന ശക്തമാകുകയും ചെയ്തപ്പോൾ മൂന്നാർ, വാഗമൺ, സംസ്ഥാനാതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ റിസോർട്ടിലേക്കും ഫാം ഹൗസിലേക്കും താവളം മാറ്റിയ മാഫിയ സംഘങ്ങളാണ് ഇപ്പോൾ തിരിച്ചെത്തി ലഹരി ഇടപാടുകൾ സജീവമാക്കിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ളവരായിരുന്നു ഇതിന്റെ നടത്തിപ്പുകാർ. കഴിഞ്ഞവർഷം വാഗമണിലെ നിശാ പാർട്ടിയിൽനിന്ന് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഈ പാർട്ടിയുടെ സംഘാടകരും കൊച്ചിക്കാരായിരുന്നു.
വാഗമണിലും അവസാനിച്ചില്ല
വാഗമണിൽ മിന്നൽ റെയ്ഡ് നടത്തി പൊലീസ് ശക്തി കാണിച്ചെങ്കിലും പിന്നീട് ഇത്തരം റെയ്ഡുകൾ കാര്യമായി നടന്നില്ല. വാഗമൺ കേസന്വേഷണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തുടരുന്നുണ്ട്.
സിന്തറ്റിക് ലഹരിവസ്തുക്കൾ പിടികൂടുന്നതല്ലാതെ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടർനടപടികളും വിരളമാണ്. ഇത് ലഹരിസംഘങ്ങൾക്ക് അവസരമാകുകയാണ്.
കുത്തിവയ്ക്കുന്നതിൽ കാലാവധി കഴിഞ്ഞ മരുന്നുകളും
പത്ത് രൂപയുടെ മരുന്നിന് വാങ്ങുന്നത് പതിനായിരങ്ങൾ പാർട്ടിയിൽ പങ്കെടുക്കുന്ന യുവതികൾ അടക്കമുള്ളവർ, കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്ന് തിരിച്ചറിയാതെയാണ് ഉൻമാദാവസ്ഥയിൽ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നത്.
കടുത്ത വേദനകൾക്കുള്ള പ്രതിവിധി എന്ന നിലയിൽ ഉപയോഗിക്കുന്ന മോർഫിൻ സംയുക്തം അടങ്ങിയ മരുന്നുകളുമായാണ് ലഹരിമരുന്നു സംഘങ്ങൾ ആളെപ്പിടിക്കാനിറങ്ങുന്നത്. വിപണിയിൽ 15 മുതൽ 20 രൂപ വരെ മാത്രം വിലയുള്ള ഇത്തരം മരുന്നുകൾക്ക് പതിനായിരങ്ങളാണ് മാഫിയാസംഘം വാങ്ങുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം മരുന്നുകൾ അധികവും എത്തിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്നവ വേറെയും. കേരള വിപണിയിൽ ഈ ബ്രാൻഡുകളുടെ മരുന്നു വിൽപ്പനയില്ല. കാലാവധി കഴിഞ്ഞു നശിപ്പിക്കാനായി കമ്പനികളോ മറ്റോ കൈമാറിയ മരുന്നുകൾ തിരിമറി നടത്തി വീണ്ടും ഇവരുടെ കൈകളിലെത്തുകയാണെന്നാണ് സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിന്റെ നിഗമനം.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും ലഹരി മാഫിയ സജീവം
കാസിനോ നൈറ്റ്സ്, ഹെവൻ ഫോർ എർത്ത്, എ വോക്ക് ഇൻ ക്ലൗഡ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് കൊച്ചി കേന്ദ്രമാക്കിയുള്ള ലഹരിമരുന്ന് മാഫിയ ആളുകളെ ചേർക്കുന്നത്.
ഹോട്ടലുകൾ മാത്രമല്ല, ചില ഫ്ലാറ്റുകളും ഇതിനുള്ള കേന്ദ്രമാണ്. ലഹരി ഉപയോഗിച്ചുള്ള പാർട്ടികൾക്ക് സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്. രണ്ടു ദിവസത്തേക്ക് ആവശ്യമായ ലഹരിമരുന്ന് ഉൾപ്പെടെയുള്ള പാക്കേജിനു പതിനായിരം രൂപ മുതലാണ് നിരക്ക്.
കാൻസർ രോഗികൾ വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപ്രിനോർഫിൻ ആംപ്യൂളുകൾ അതീവ നിയന്ത്രണങ്ങളോടെയാണ് കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ വിൽക്കുന്നത് എന്നതിനാൽ ഇവിടെ വൻതോതിൽ ലഭിക്കുക എളുപ്പമല്ല.
എന്നാൽ, ഡൽഹിയിൽ നിന്ന് ഒരെണ്ണത്തിന് 30 രൂപ നിരക്കിൽ ഇവ ലഭിക്കും. ആംപ്യൂളുകൾ വൻതോതിൽ ശേഖരിച്ച്, ട്രെയിൻ മാർഗം നഗരത്തിൽ എത്തിച്ച് 1500 രൂപയ്ക്കാണ് ഇവർ റേവ് പാർട്ടി സംഘങ്ങൾക്ക് വിൽക്കുന്നത്.
പിടിയിലായ സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം നീളുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |