കൊച്ചി:കേരള പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്.എസിയെ ഒന്നിന് എതിരെ നാലുഗോളുകൾക്കു തകർത്ത് ബ്ലാസ്‌റ്റേഴ്‌സ് സെമി സാദ്ധ്യത നിലനിർത്തി. നാല് കളികളിലും പരാജയം രുചിച്ച കോവളം എഫ്.എസി ലീഗിൽ നിന്നും പുറത്തായി. ബ്ലാസ്റ്റേഴ്‌സിനായി വി.എസ്. ശ്രീക്കുട്ടൻ (33), നിയോറം ഗോബിൻദാഷ് (60),സുരാഗ് ചേത്രി (75),ആസിഫ് ഒ.എം (91+1 ) എന്നിവർ ഗോൾ നേടി. കോവളത്തിനായി ജെ.ഷെറിനാണ് ആശ്വാസ ഗോൾ നേടിയത്.
തുടർജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു ആദ്യ പകുതി. തുടക്കം മുതൽ തന്നെ കോവളം എഫ്.സിക്ക് ഭീഷണിയുയർത്തി ബ്ലാസ്റ്റേഴ്‌സ് കുന്തമുനകൾ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. കോവളത്തിന്റെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മിന്നലാട്ടം. എന്നാൽ 22ാം മിനിറ്റിൽ മഞ്ഞപ്പെടയുടെ പ്രതീക്ഷകൾ തകർത്ത് കോവളം ആദ്യവെടി പൊട്ടിച്ചു.പെനാറ്റിയിലൂടെ കോവളം എഫ്.സിക്ക് ലീഗിലെ ആദ്യ ഗോൾ സമ്മാനിച്ച ജെ.ഷെറിൻ വീണ്ടും ഗോൾവലകുലുക്കി. ഇടതുവിംഗിൽ നിന്നും സജിത് പൗലോസ് നൽകിയ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിൻ സുരേഷിനെ കബളിപ്പിച്ച് ഷെറിൻ അനാസം തട്ടി ഗോളാക്കുകയായിരുന്നു. എന്നാൽ കോവളത്തിന്റെ ആഘോഷം തീരും മുമ്പേ ബ്ലാസ്റ്റേഴ്‌സ് കണക്കു തീർത്തു. 33ാം മിനിറ്റൽ വി.എസ് ശ്രീക്കുട്ടൻ സ്‌കോർ ഉയർത്തി. ബോക്‌സിന് വെളിയിൽ നിന്ന് യോഹമ്പ മീതേയ് ഉയർത്തി നൽകിയ പന്തുമായി മുന്നേറിയ ശ്രീക്കുട്ടൻ കോവളത്തിന്റെ പ്രതിരോധ പൂട്ടുപൊളിച്ചാണ് വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സ് പോരാളികൾ ആക്രമണം തുടർന്നെങ്കിലും ഗോളാക്കാനായില്ല. ഇതിനിടെ ചില ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ കോവളം ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു.
മഴയിൽ മുങ്ങിയ രണ്ടാം പകുതി ലീഡ് ഉയർത്താൻ കോപ്പുകുട്ടിയാണ് ഇരുടീമുകളും കളത്തിറങ്ങിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ കോവളത്തിന് പിടിച്ചുനിൽക്കാനായില്ല. മത്സരം 60 മിനിറ്റ് പിന്നിടും മുമ്പേ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഗോൾവല കുലുക്കി. ബോക്‌സിന്റെ വലതുഭാഗത്തു നിന്നും ശ്രീക്കുട്ടൻ ഉയർത്തി നൽകിയ പന്ത് പകരക്കാരനായി ഇറങ്ങിയ നിയോറം ഗോബിൻദാഷ് ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. 75ാം മിനിറ്റിൽ ക്യാപ്റ്റൽ സുരാഗ് ചേത്രിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സ്‌കോർ മൂന്നായി ഉയർത്തി. ബോക്‌സിനുള്ളിൽ കോവളം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ശ്രീക്കുട്ടൻ നൽകിയ പന്ത് സുരാഗ് അനായാസം വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നിയോറം ഗോബിൻദാഷിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിലൂടെ അനുകൂലമായി ലഭിച്ച പെനാൾട്ടി ആസിഫ് ഒ.എം ഗോളാക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമധുരം ഊട്ടിയുറപ്പിച്ചു. സച്ചിൻ സുരേഷിന്റെ ചോരാത്ത കൈകളും ബ്ലാസ്‌റ്റേഴ്‌സിന് കരുത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |