ദുബായ്: കവർച്ച ശ്രമത്തിന് ശേഷം ഓടിയ കളളനെ കാൽ വച്ച് താഴെ വീഴിച്ച് ഗൾഫുകാർക്കിടയിൽ താരമായി മാറിയിരിക്കുകയാണ് മലയാളിയായ ജാഫർ. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടൽ കാരണം 80 ലക്ഷത്തിലധകം രൂപയാണ് തിരികെ കിട്ടിയത്. ജാഫർ കളളനെ വീഴ‌്‌ത്തിയതോടെ പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു.
കഴിഞ്ഞദിവസം ബനിയാ സ്‌ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം നടന്നത്. വിസിറ്റിംഗ് വിസയിൽ നാട്ടിൽ നിന്നെത്തിയ ജാഫർ ബന്ധുവിന്റെ ജ്യൂസ് കടയിൽ സഹായിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയിൽ 'കളളൻ... കളളൻ പിടിച്ചോ' എന്നലറിയത്. കടയിൽ നിന്ന് ജാഫർ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോൾ പാഞ്ഞുവരുന്ന കളളനെയാണ് കണ്ടത്. ഉടനെ കാൽ വച്ച് കളളനെ താഴെ വീഴ്‌ത്തുകയായിരുന്നു.
തെറിച്ചു വീണ കളളൻ ഓടാൻ ശ്രമിച്ചെങ്കിലും പിന്നാലെ വന്നവർ പിടികൂടിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്നാണ് വിവരം. 30 വയസുളള ഏഷ്യക്കാരനാണ് പിടിയിലായത്. കളളനെ കയറിപിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴ്‌ത്താനാണ് തോന്നിയതെന്ന് ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു.
അലൈനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്. ഉമ്മ ജാസ്‌മിൻ. ഭാര്യ:ഹസീന. മക്കൾ: നെദ, നേഹ, മുഹമ്മദ് നഹ്യാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |