കോഴിക്കോട്: യാത്രക്കാർ കുറഞ്ഞതോടെ രാജധാനി എക്സ്‌പ്രസിന്റെ കോച്ചുകൾ റെയിൽവേ വെട്ടിക്കുറച്ചു. നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചും തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചും നിസാമുദ്ദീൻ - ചെന്നൈ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചുമാണ് കുറച്ചത്. ചെന്നൈ - നിസാമുദ്ദീൻ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ച് ഇന്നുമുതൽ നിറുത്തലാക്കും.
അതേസമയം നിസാമുദ്ദീൻ - എറണാകുളം ദുരന്തോ എക്സ്‌പ്രസിൽ 17 മുതൽ ഒരു തേഡ് കോച്ചും രണ്ട് സ്ളീപ്പർ കോച്ചും കൂടുതലായി ഏർപ്പെടുത്തി. എറണാകുളം - നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസിൽ 20 മുതൽ ഒരു തേഡ് കോച്ചും രണ്ട് സ്ളീപ്പർ കോച്ചുകളും അധികമായി ഉണ്ടാവും.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ സുരക്ഷിത യാത്രയ്ക്കായി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനാവശ്യ യാത്രകളും ഗ്രൂപ്പായുള്ള യാത്രകളും ഒഴിവാക്കണം. യാത്രയ്ക്കിടെ മാസ്കും ശാരീരിക അകലവും കർശനമാക്കി. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലും പ്ളാറ്റ്ഫോമിലും സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. കൊവിഡ് ലക്ഷണമുള്ളവർ ട്രെയിൻ യാത്ര നടത്തരുത്. പനി, ചുമ, ജലദോഷം എന്നിവയുണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തണം. യാത്രയിൽ ഭക്ഷണവും വെള്ളവും കരുതിവയ്ക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ സുരക്ഷാസംവിധാനവുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ 16, 17, 23, 24 തീയതികളിൽ ഇൗ മേഖലയിലൂടെയുള്ള ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ഇൗദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകും. ചെന്നൈ - ആലപ്പുഴ, ആലപ്പുഴ- ചെന്നൈ, എന്നിവ പാലക്കാട് സ്റ്റേഷനിലും കണ്ണൂർ - ആലപ്പുഴ, എറണാകുളം -കണ്ണൂർ, എന്നീ ട്രെയിനുകൾ ഷൊർണ്ണൂരിലും തിരുനെൽവേലി - പാലക്കാട് എക്സ് പ്രസ് തൃശൂരിലും, എറണാകുളം - ഷൊർണ്ണൂർ മെമു മുളങ്കുന്നത്ത് കാവിലും യാത്ര അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |