അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
പോത്തൻകോട് : പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ തടഞ്ഞു നിറുത്തി ആക്രമിച്ച് 100 പവർ കവർന്ന സംഭവത്തിന് പിന്നിൽ അന്യസംസ്ഥാനത്തെ ക്വട്ടേഷൻ സംഘങ്ങൾ.ഇത് സംബന്ധിച്ച സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.അടുത്തിടെ തലസ്ഥാനത്തും വിവിധ ജില്ലകളിലും നടന്ന കവർച്ച കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായവരിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്.കവർച്ച ആസൂത്രണം ചെയ്ത ക്വട്ടേഷൻ സംഘത്തിലെ പ്രധാനി തലസ്ഥാത്ത് ഉണ്ടായിരുന്നെങ്കിലും സംഭവശേഷം ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം.ഇയാളും നിരീക്ഷണത്തിലാണ്.ഇയാൾ ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘം മറ്റൊരു സംഘത്തെ ഏൽപ്പിക്കുകയും അവരാണ് ഇപ്പോൾ പിടിയിലായ പ്രദേശവാസികളെ കവർച്ച നടത്താനായി നിയോഗിച്ചതെന്നുമാണ് നിലവിലെ പൊലീസ് അനുമാനം.ചെറിയ കൂലിമാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.പിടിയിലായ നാലുപേരും മുമ്പ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരല്ല.ഇവരുടെ കൈയിൽ നിന്ന് പൊലീസ് കണ്ടെടുത്ത തൊണ്ടിമുതൽ ക്വട്ടേഷൻ സംഘത്തിന് കൈമാറുന്നതിന് മുമ്പ് ഇവർ കൈക്കലാക്കിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞത്.സ്വർണ വ്യാപാരി സമ്പത്തിൽ നിന്നാണ് ക്വട്ടേഷൻ സംഘത്തിന്റെ പങ്കിനെകുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ് .പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. മംഗലപുരം ,കഠിനംകുളം,കഴക്കൂട്ടം,കിളിമാനൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർമാർ, എസ്.ഐ,മാർ,ഷാഡോ പൊലീസ് അംഗങ്ങൾ,സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള ടീമാണ് അന്വേഷണസംഘത്തിലുള്ളത്.ഈമാസം 9ന് രാത്രി 8നാണ് തിരക്കേറിയ ദേശീയപാതയിൽ പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നത്.സംഭവത്തിൽ പിടിയിലായവർ നെടുമങ്ങാട്, പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |