കാട്ടാക്കട: കുറ്റിച്ചലിൽ ജുവലറിയിൽ ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറുപവൻ കവർന്ന കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. മലയിൻകീഴ് വിഷ്ണുഭവനിൽ വിഷ്ണു (22), ഭാര്യ കുറ്റിച്ചൽ തച്ചൻകോട് ഷാജി മൻസിലിൽ ആൻഷാ(24), മലയിൻകീഴ് മടത്തിങ്കര രമ്യ നിലയത്തിൽ ഹരികൃഷ്‌ണൻ(25), ഭാര്യ വിഴിഞ്ഞം പനയറ കുന്ന് കിടാരകുഴി ശ്രീനിലയത്തിൽ അനീഷ(23) എന്നിവരാണ് റിമാന്റിലായത്. കുറ്റിച്ചൽ ജംഗ്ഷനിലെ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള വൈഗാ ജുവലറിയിലാണ് പ്രതികൾ കവർച്ച നടത്തിയത്.
വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം മൂന്നുപവന്റെ രണ്ട് സ്വർണമാല വാങ്ങി, പണം നൽകാതെ സന്തോഷിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.
മലയിൻകീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഈ സമയം പ്രതികളിൽ രണ്ട് പേർ മോഷ്ടിച്ചെടുത്ത മൂന്ന് പവൻ സ്വർണം മലയിൻകീഴിലെ സ്വകാര്യ പണയസ്ഥാപനത്തിൽ 60,000 രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു. ഇവർ തിരിച്ചെത്തിയതോടെയാണ് തന്ത്രപരമായി സംഘത്തെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ബാക്കി ആഭരണം പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നെയ്യാർഡാം പൊലീസിന് പ്രതികളെ കൈമാറുകയും തെളിവെടുപ്പ് നടത്തുകയും പണയം വച്ച ആഭരണം സ്വകാര്യ ബാങ്കിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
ഇക്കഴിഞ്ഞ 9ന് ബാലരാമപുരത്തെ ഒരു ജുവലറിയിൽ നിന്ന് ഹരികൃഷ്ണനും ഭാര്യ അനീഷയും സമാന രീതിയിൽ ഒന്നേമുക്കാൽ പവന്റെ മാല കവർന്നിരുന്നു. മാല വാങ്ങാനെത്തിയ ഇവർ ഡ്യൂപ്ലിക്കേറ്റ് സാധനം വച്ചിട്ട് ജുവലറി ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഇവർ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി കാട്ടാക്കട ഡി.വൈ.എസ്.പി ഷാജി അറിയിച്ചു.
കുറ്റിച്ചലിലെ കവർച്ചയ്ക്കെടുത്ത സ്വിഫ്റ്റ്കാറും ബാലരാമപുരത്തെ കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കും തിരുവനന്തപുരത്ത് നിന്നും വാടകയ്ക്കെടുത്തതായിരുന്നു. പിടികൂടുന്ന സമയത്ത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിന്റെ മുറിയുടെ താക്കോലും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ, നെയ്യാർഡാം സബ് ഇൻസ്പെക്ടർ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |