SignIn
Kerala Kaumudi Online
Wednesday, 19 May 2021 4.29 AM IST

ആ മൂന്നര മണിക്കൂർ സാനു സഞ്ചരിച്ചത് അസാധാരണ വേഗത്തിൽ, വൈഗ കൊലക്കേസിൽ പൊലീസിനെ പോലും ഞെട്ടിക്കുന്നതാണ് അയാളുടെ പ്രവർത്തികൾ

sanu

കൊച്ചി: വേണ്ടത്ര പണമില്ലാതെയായിരുന്നു സാനു മോഹന്റെ 27 ദിവസത്തെ ഒളിജീവിതം. വാടക ഒന്നിച്ചുതരാമെന്ന വ്യവസ്ഥയിലാണ് കൊല്ലൂർ ബീന റെസിഡൻസിയിൽ മുറിയെടുത്തത്. വല്ലപ്പോഴും ചായ കുടിക്കുന്നതൊഴിച്ചാൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. മൂകാംബിക ക്ഷേത്രത്തിലെ അന്നദാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. കൂടുതൽ സമയവും മുറിയിൽ ചിലവഴിച്ചു. മാസ്‌ക് മാറ്റിയിട്ടേയില്ല. സ്വന്തം ആധാർ കാർഡ് നൽകിയാണ് മുറിയെടുത്തത്.കൈയിൽ ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരേ ടീഷർട്ടും ജീൻസുമാണ് ആറു ദിവസവും ധരിച്ചത്. 15ന് വൈകിട്ട് ഹോട്ടൽ ജീവനക്കാർ പണം ആവശ്യപ്പെട്ടതോടെ 16ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിൽ എത്താനായി കാർ ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടു. ആറായിരത്തോളം രൂപയായ കുടിശിക കാർഡ് വഴി അടയ്ക്കുമെന്നും അറിയിച്ചു. രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങി. മാർച്ച് 22 മുതൽ ഏപ്രിൽ പത്തുവരെ എവിടെയാണ് കഴിഞ്ഞതെന്ന വിവരങ്ങൾ സാനു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

സാനു മോഹന്റേതെന്ന് കരുതുന്ന വെള്ള ഫോക്സ് വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഇന്നലെ തമിഴ്നാട് പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. ഇന്ധനം തീർന്ന് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് സാനുവിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രമ്യയുടെ പേരിൽ വാങ്ങിയതാണ് 2018 മോഡൽ കാർ.സാനു വൈഗയുമായി ഫ്ളാറ്റിൽ നിന്ന് കാറിൽ ഇറങ്ങിയത് 21ന് രാത്രി 10നാണ്. പിറ്റേന്ന് പുലർച്ചെ 1.46ന് കാർ വാളയാർ ടോൾ പ്ലാസയിലെത്തി. എറണാകുളംപാലക്കാട് നേരിട്ടുള്ള റൂട്ട് ഒഴിവാക്കിയതിനാലാകും വാളയാർ വരെ ഒരു കാമറയിലും കാർ പതിഞ്ഞിട്ടില്ല. വൈഗയെ ഒഴിവാക്കാനെടുത്ത സമയം കൂടി കണക്കാക്കിയാൽ അസാധാരണ സ്പീഡിൽ സഞ്ചരിച്ചാൽ മാത്രമേ ഈ സമയം കൊണ്ട് വാളയാർ എത്താനാകൂ.


വൈഗയുടെ ശരീരത്തിൽ 80% ആൽക്കഹോൾ
ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നടത്തിയ വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ശരീരത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. നൂറ് മില്ലി ഗ്രാം രക്തത്തിൽ 80 ശതമാനം ആയിരുന്നു ആൽക്കഹോൾ അനുപാതം.കേവലം 11 വയസ് മാത്രമുളള വൈഗ ഒറ്റയടിക്ക് ഇത്രയും മദ്യം കഴിക്കുക എളുപ്പമല്ല.
ജ്യൂസിലോ കോളയിലോ ചേർത്ത് കുടിപ്പിച്ചതാകാനേ വഴിയുള്ളൂ.30 ശതമാനത്തിൽ ഏറെ മദ്യാംശം ഉള്ളപ്പോഴാണ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ലക്കുകെടുന്ന രീതിയിൽ മദ്യപിച്ചവരിൽ രക്തത്തിൽ 150 ശതമാനം വരെ ആൾക്കഹോൾ സാന്നിദ്ധ്യം ഉണ്ടാകും. ഫ്ളാറ്റിൽ നിന്ന് വൈഗയെ ഷീറ്റു പുതപ്പിച്ച് തോളിൽ കിടത്തിയാണ് സാനു കാറിലേക്ക് കൊണ്ടുവന്നതെന്ന് സാക്ഷിമൊഴിയുണ്ട്.

മാഞ്ഞുപോയ വൈഗ

കൊച്ചി: തൃക്കാക്കര തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു വൈഗ. പഠനത്തിലും സംഗീതത്തിലും നൃത്തത്തിലും മിടുക്കി. മലയാളവും ഇംഗ്ലീഷും കൂടുതെ ഹിന്ദിയും മറാത്തിയും സംസാരിക്കും. ഷാമോൻ നവരംഗം സംവിധാനം ചെയ്ത അഞ്ചു ചെറുസിനിമകൾ ചേർന്ന 'ചിത്രഹാറി'ലെ 'ബില്ലി' യിൽ പ്രധാന വേഷങ്ങളിൽ ഒന്ന് വൈഗ അഭിനയിച്ചു . ഡബ്ബിംഗ് ബാക്കി നിൽക്കെയാണ് മരണം.

സാനുവിന്റെ തട്ടിപ്പുകൾ

2016ൽ പൂനെയിൽ ചിട്ടിക്കമ്പനിയിൽ നിന്ന് 16 ലക്ഷം രൂപ വിളിച്ചെടുത്ത് കുടിശികയാക്കി. ഇതിന്റെ പേരിൽ അറസ്റ്റ് വാറണ്ട്.

പൂനെ പൊലീസ് തൃക്കുന്നപ്പുഴയിലെ വീട്ടിലുമെത്തി.

ഭാര്യ രമ്യയുടെ പേരിലുള്ള കാക്കനാട്ടെ ഫ്ളാറ്റ് പത്ത് ലക്ഷം രൂപയ്ക്ക് അവരറിയാതെ ഏതാനും മാസം മുമ്പ് പണയംവച്ചു.

രമ്യയുടെ 40 പവൻ സ്വർണം ലോക്ക് ഡൗൺ കാലത്ത് പൂട്ടുപൊളിച്ചെടുത്ത് 11.47 ലക്ഷം രൂപയ്ക്ക് പണയം വച്ചു.

കൊച്ചിയിലെ പ്രമുഖ ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ നിന്ന് 1.30 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങി കബളിപ്പിച്ചു.

ഫ്ളാറ്റിലെയും മറ്റ് പരിചയക്കാരുടെയും പക്കൽ നിന്ന് ലക്ഷങ്ങൾ വായ്പ വാങ്ങി. പൊലീസിനെ കുഴക്കി.

ഒളിവിൽ കഴിഞ്ഞ സാനു ഫോണോ ബാങ്ക് കാർഡുകളോ ഉപയോഗിച്ചില്ല.

ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടില്ല. ആറ് മാസമേ ആയിട്ടുള്ളൂ തൃക്കുന്നപ്പുഴയിലെ ബന്ധുക്കളുമായി ഇടപെട്ട് തുടങ്ങിയിട്ട്.

സാനുവിന്റെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഭാര്യക്ക് പോലും വ്യക്തമായി അറിയില്ല.

അധികമാരുമായും അടുപ്പമില്ല. ഇടപാടുകളെല്ലാം രഹസ്യം.

ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തപ്പാടുകൾ വൈഗയുടേതല്ല. മറ്റാരുടേതാണെന്ന് കണ്ടെത്താനായില്ല.

സാനു സ്വന്തം ഫോൺ വിറ്റ് ഭാര്യയുടെ ഫോണാണ് കുറച്ചുനാളായി ഉപയോഗിച്ചിരുന്നത്.

നേടിയ സമ്പത്ത് എവിടെപ്പോയി

സാനു സ്വന്തമായും കബളിപ്പിച്ചും നേടിയ വലിയ തുകകൾ എന്തിന് ചെലവഴിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല. കൊച്ചിയിലെ ഇന്റീരിയർ ഡിസൈൻ ബിസിനസിനായി കക്ഷികളിൽ നിന്ന് മുൻകൂർ പണം വാങ്ങിയിരുന്നു. ലോട്ടറിയിലും ഓൺലൈൻ ചൂതാട്ടത്തിലും വലിയ തോതിൽ പണം നഷ്ടപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. ഗോവയിലെ കസിനോകളിൽ ചൂതാട്ടത്തിന് പോകണമെന്ന കാര്യം ചിലരുമായി പങ്കുവച്ചിരുന്നു. എന്തിന് വൈഗയെ അപായപ്പെടുത്തണം സാനുവിനും രമ്യയ്ക്കും ജീവനായിരുന്ന വൈഗയെ എന്തിന് അപായപ്പെടുത്തിയെന്ന കാര്യം ഇനി വെളിച്ചത്തു വരാനിരിക്കുന്നതേയുള്ളൂ. അത് പറയാൻ കഴിയുന്ന ഏകവ്യക്തിയും സാനുവാണ്.

മറ്റാരെങ്കിലും കുടുംബത്തിന് മേൽ ഭീഷണി ഉയർത്തിയിരുന്നോ, എന്തിനാണ് വൈഗയെ മദ്യം കൊടുത്ത് മയക്കിയത്, എന്തിനാണ് നാടുവിട്ടത്, ഈയിടെ മാത്രം ബന്ധുക്കളുമായി എന്തിന് അടുത്തു, രമ്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, എന്തിന് സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് സ്വന്തം പേരിൽ കൊല്ലൂരിൽ മലയാളിയുടെ ഹോട്ടലിൽ മുറിയെടുത്തു തുടങ്ങിയ കാര്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്. മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കളമശേരി മെഡിക്കൽ കോളേജിലെ േെഫാറൻസിക് സർജൻ ഡോ.എ.കെ.ഉന്മേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വൈഗ മുങ്ങി മരിച്ചതാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. സാധാരണ മുങ്ങി മരണത്തിന് സമാനമാണ് ലക്ഷണങ്ങൾ. അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ ശേഷം ബോധം വന്നിട്ടുമുണ്ടാകാം. കെമിക്കൽ ലാബിന്റെ റിപ്പോർട്ടിൽ വൈഗയുടെ ശരീരത്തിൽ ആൾക്കഹോൾ സാന്നിദ്ധ്യം വ്യക്തമാക്കിയപ്പോഴും ലൈംഗിക അതിക്രമ സാദ്ധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.

മുഖം രക്ഷിച്ച് പൊലീസ് വൈഗ കേസിന്റെ പേരിൽ ഒരു മാസത്തോളം ആക്ഷേപശരങ്ങളേറ്റ കൊച്ചി പൊലീസിന് പിടിവള്ളിയായി സാനു മോഹന്റെ അറസ്റ്റ്. ഡി.സി.പി ഐശ്വര്യ ഡോംഗ്രെ, തൃക്കാക്കര എ.സി.പി കെ.ശ്രീകുമാർ, തൃക്കാക്കര ഇൻസ്‌പെക്ടർ കെ.ധനപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഊണുമുറക്കവും ഉപേക്ഷിച്ച് ആറ് സംഘങ്ങൾ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും സാനുവിനെ തേടി അക്ഷരാർത്ഥത്തിൽ അലഞ്ഞു. കാർ കണ്ടെത്താൻ കഴിയാതെ പോയതും പ്രതിസന്ധി സൃഷ്ടിച്ചു. ഒന്നര ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. നൂറുകണക്കിന് പേരെ ചോദ്യം ചെയ്തും മൊഴിയെടുത്തും രേഖകൾപരിശോധിച്ചും ഓടിനടക്കുകയായിരുന്നു പൊലീസുകാർ. സാനുവിനെ കൊല്ലൂരിൽ കണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പൊലീസ് സംഘത്തിന് പ്രതീക്ഷ ഉണർന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SANU MOHAN, VAIGA MURDER, KERALA POLICE, KARNATAKA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.