തിരുവനന്തപുരം: 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന കായംകുളം എം എൽ എ യു പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പിൽ ആടിയുലഞ്ഞ് സി പി എം. ആലപ്പുഴയിലെ പാർട്ടി നേതാക്കൾക്ക് ഇന്നലെ രാത്രി ഫോൺ താഴെ വയ്‌ക്കാൻ പോലും സമയം കിട്ടിയില്ല. സംസ്ഥാന നേതാക്കൾ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ ഫേസ്‌ബുക്ക് കുറിപ്പ് മുക്കാതെ പ്രതിഭയ്‌ക്ക് മുന്നിൽ വേറെ വഴിയില്ലാതായി.
ആലപ്പുഴ സി പി എമ്മിൽ വിഭാഗതിയത ആളിക്കത്തുന്നതിനിടെയുണ്ടായ എം എൽ എയുടെ പരാമർശത്തിൽ സംസ്ഥാന സി പി എം നേതാക്കളും കുഴങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എം എൽ എ നടത്തിയ രാഷ്ട്രീയ വിമർശനം കാര്യഗൗരവത്തോടെയാണ് സി പി എം നേതൃത്വം കാണുന്നത്. പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ചിലർ ഫോണിൽ വിളിച്ച് ശകാരിച്ചതോടെയാണ് എം എൽ എ പോസ്റ്റ് മുക്കിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകിയായിരുന്നു പ്രതിഭ ഫേസ്ബുക്കിൽ അത്തരമൊരു പരാമർശം നടത്തിയത്. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പേരാണ് എം എൽ എയുടെ പോസ്റ്റിനു താഴെ രാഷ്ട്രീയ ആരോപണങ്ങളും സംശയങ്ങളും ഉയർത്തിയത്. ജി സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി. ഇടത് പ്രൊഫൈലുകൾ കൂടി എം എൽ എയ്‌ക്കെതിരെ തിരിഞ്ഞതോടെ പാർട്ടി വിഭാഗിയത ഫേസ്ബുക്കിലൂടെ പുറംലോകം അറിഞ്ഞു.
കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ തന്നെ കാലുവാരി എന്ന സൂചനയാണ് പ്രതിഭ നൽകുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്‌താവനകളോടെ ഈ ദിവസങ്ങളിൽ പ്രതിസന്ധിയിൽ അകപ്പെട്ട മന്ത്രി ജി.സുധാകരനെയാണ് ദൈവം ചതിച്ചതെന്ന് പ്രതിഭ പറഞ്ഞതെന്ന് ഭൂരിഭാഗം കമന്റുകളും സമർത്ഥിച്ചു.
ഫേസ്ബുക്കിലെ തുറന്നെഴുത്ത് പൊതു ചർച്ചയ്‌ക്ക് വിധേയമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി വീണ്ടും പോസ്റ്റ് വന്നു. ദയവായി മറ്റു ചർച്ചകൾ ഒഴിവാക്കണമെന്നായിരുന്നു പ്രതിഭയുടെ അഭ്യർത്ഥന. തൊട്ടുപിന്നാലെ അതും അപ്രത്യക്ഷമായി. പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും ആലപ്പുഴയിലെ സി പി എമ്മിൽ വിഭാഗിയത ആളിക്കത്തുകയാണ്.
മന്ത്രി ജി സുധാകരനെ ചുറ്റിപ്പറ്റിയാണ് പാർട്ടിക്കുളളിൽ നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പാർട്ടി പ്രതീക്ഷിച്ചത് പോലെയല്ലെങ്കിൽ അതിന്റെ പങ്ക് സുധാകരനിൽ ചുമത്താൻ നീക്കം നടക്കുന്നതായി അദ്ദേഹത്തിനൊപ്പമുളളവർ ഉറച്ച് വിശ്വസിക്കുന്നു. കായംകുളം അടക്കം ചില സീറ്റുകളിലെ ഫലങ്ങൾ നിരീക്ഷിച്ച് കുറ്റപത്രം തയ്യാറാക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം. അതിനോടൊപ്പം ആലപ്പുഴ, അരൂർ, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെ ഫലം സി പി എമ്മിനെ സംബന്ധിച്ച് നിർണായകമാണ്. ഈ സീറ്റുകളിൽ തോൽവിയോ വോട്ട് വ്യത്യാസമോ ഉണ്ടായാൽ പുതിയ വിവാദങ്ങൾക്ക് ഇത് വഴിതെളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |