ന്യൂഡൽഹി: ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് സർക്കാർ യാഥാർത്ഥ്യം മനസിലാക്കാത്തത്. ഓക്സിജൻ ഇല്ലാത്തതിന്റെ പേരിൽ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയുകയില്ല. ഈ അടിയന്തര സാഹചര്യം ആളുകളുടെ ജീവൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്നാണ് കാണിക്കുന്നതെന്നും കോടതി വിമർശിച്ചു. ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട മാക്സ് ഹോസ്പിറ്റൽസിന്റെ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.
അപ്പീൽ ആശ്ചര്യപ്പെടുത്തിയെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ, ഇതിൽ ആശ്ചര്യപ്പെടരുതെന്ന് കോടതി പറഞ്ഞു. നിങ്ങൾ സാഹചര്യം അറിയണം... പെട്രോളിയം സ്റ്റീൽ വ്യവസായങ്ങളിലെ ഓക്സിജൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇങ്ങലെ പറഞ്ഞതാണ്. നിങ്ങൾ നടപടിയെടുത്തോയെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നീങ്ങിത്തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'എന്താണ് ഫലം? ഈ ഫയലുകളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. വ്യവസായികൾ സഹായിക്കാൻ തയ്യാറാണ്. നിങ്ങൾക്ക് സ്വന്തമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെട്രോളിയം കമ്പനികളുണ്ട്, വ്യോമസേനയുണ്ട്... ഞങ്ങൾ ഇന്നലെ നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്, നിങ്ങൾ ദിവസം മുഴുവൻ എന്താണ് ചെയ്തതെന്നും കോടതി വിമർശിച്ചു.
ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്തു വിലകൊടുത്തും ജീവിക്കാനുളള അവകാശം ഏതുവിധേനയും സംരക്ഷിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ആവശ്യമെങ്കിൽ കേന്ദ്രസർക്കാർ എല്ലാ ഓക്സിജനും വ്യവസായങ്ങളിൽ നിന്ന് വൈദ്യ ഉപയോഗത്തിനായി തിരിച്ചുവിടണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |