കോഴിക്കോട്: അതി തീവ്ര കൊവിഡ് വ്യാപനത്തിൽ മണലിലുറഞ്ഞുപോയത് കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടിക്കാരുടെ ജീവിതം. സഞ്ചാരികളുടെ പറുദീസയായിരുന്ന ബീച്ചിലടിക്കുന്നത് ഭീതിയുടെ മണൽകാറ്റാണ്. നേരം പുലർന്നാൽ ഉന്തുവണ്ടിയുമായി ബീച്ചിലെത്തുന്നവർ സന്ധ്യമയങ്ങണമായിരുന്നു വീട്ടിലെത്താൻ. നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ആയിരം രൂപയോളം വരുമാനം കിട്ടിയിരുന്നെങ്കിൽ ഇന്ന് ഇരുന്നൂറ് രൂപയിലേക്ക് ചുരുങ്ങിയെന്ന് ഉന്തുവണ്ടി കച്ചവടക്കാരനായ മഹേഷ് പറയുന്നു. ദിവസ വരുമാനത്തിൽ ജീവിതം മിന്നിക്കുന്ന മഹേഷിന് കടല വിൽപ്പനയുമായി എത്തുന്ന ഭാര്യയാണ് ആശ്വാസം. മറ്റ് കച്ചവടക്കാരുടെ അവസ്ഥയും ഇതുതന്നെ. നൂറോളം ഉന്തുവണ്ടികൾ ഉണ്ടായിരുന്ന ബീച്ചിൽ പത്തിൽ ചുവടെയാണ് ഇപ്പോൾ അവശേഷിക്കുന്നത്. കൊവിഡിന്റെ തുടക്കത്തിൽ മറ്റ് ജീവിത മാർഗം തേടിയിറങ്ങിയവരാരും തിരിച്ചുവന്നിട്ടില്ല. ഐസ്ക്രീമും, ഉപ്പിലിട്ടതും ചായയും കടലയുമായി നടക്കുന്ന കച്ചവടക്കാരിൽ ഒരു വിഭാഗം അന്യ സംസ്ഥാനക്കാരാണ്. ഇവരിൽ പലരും സ്വന്തം ദേശത്തേക്ക് മടങ്ങി. ബാക്കിയുള്ളവരാണ് വരും ദിവസങ്ങൾ എങ്ങനെ തള്ളി നീക്കുമെന്നറിയാതെ തീരങ്ങളിൽ കഴിയുന്നത്. ഉന്തുവണ്ടി കച്ചവടക്കാർക്ക് സംഘടന ഉണ്ടെങ്കിലും കാര്യമായ സഹായങ്ങളൊന്നും ലഭിക്കാറില്ലെന്നാണ് ഇവരുടെ ആരോപണം. നേരത്തെ വിശേഷ ദിവസങ്ങളിൽ സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാലത്ത് സംഘടനയും കൈയൊഴിഞ്ഞതായി കച്ചവടക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |