കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ രണ്ടാം പ്രതി സരിത എസ്. നായർ റിമാൻഡിലായി. തിരുവനന്തപുരത്ത് കാട്ടാക്കടയിലെ ബന്ധുവീട്ടിൽ നിന്ന് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത സരിതയെ ഇന്നലെ ഉച്ചയോടെ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ മജിസ്ട്രേട്ട് കെ. നിമ്മി 27 വരെ റിമാൻഡ് ചെയ്തു. പിന്നീട് കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. കേസിൽ വിധി 27ന് പ്രസ്താവിക്കും.
അർബുദ ബാധിതയായ തനിക്ക് കീമോതെറാപ്പി ചെയ്യുന്നുണ്ടെന്ന് സരിത കോടതിയെ ധരിപ്പിച്ചു. ആവശ്യമായ ചികിത്സസൗകര്യം ഒരുക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു റിമാൻഡ് ഉത്തരവ്.
നടക്കാവ് സെന്റ് വിൻസെന്റ് കോളനിയിലെ ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞ് 42. 70 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യൂണിറ്റ്, സൗരോർജ്ജ ഉത്പന്നങ്ങളുടെ മലബാറിലെ വിതരണ ഏജൻസി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ടായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ സരിത ഹാജരായിരുന്നില്ല. തുടർന്ന് ജാമ്യം റദ്ദാക്കിയതിനു പിറകെ അറസ്റ്റ് വാറണ്ടും വന്നു. കീഴ്‌ക്കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഹൈക്കോടതി ഇളവ് അനുവദിച്ചത് നിലനിൽക്കുന്നതായി കാണിച്ച് സരിത നേരത്തെ സമർപ്പിച്ച ഹർജി തള്ളി. ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയായിരുന്നു നടപടി. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും ജാമ്യത്തിലിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |