പഞ്ചായത്തംഗമായി തുടങ്ങി നിയമസഭാംഗം, നിയമസഭാ സ്പീക്കർ, എം.പി.തുടങ്ങിയ സ്ഥാനങ്ങളൊക്കെ വഹിച്ചവർക്കല രാധാകൃഷ്ണന്റെ ഓർമ്മകൾ ഏപ്രിൽ 26 ന് 11 വർഷം പിന്നിടുന്നു. ആറു പതിറ്റാണ്ടോളം സജീവ രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന സംശുദ്ധ വ്യക്തിത്വം. മികച്ച പാർലമെന്റേറിയൻ.
2007 ജനുവരിയുടെ തുടക്കത്തിൽ ഈ ലേഖകന്റെ പിതാവ് പരേതനായ മിനർവ ശിവാനന്ദനെ പാർക്കിൻസൺ രോഗം കലശലായി പിടികൂടിയപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിക്കണമായിരുന്നു. അവിടെ പെട്ടെന്നുള്ള അഡ്മിഷൻ തരപ്പെടാൻ ബുദ്ധിമുട്ടുള്ള സമയവും. ഓർമ്മയിൽ വന്നത് വർക്കലയെ ആയിരുന്നു. അദ്ദേഹത്തെ വിളിച്ച് വിഷയം പറഞ്ഞു. ഉടൻ വീട്ടിലെത്താൻ നിർദ്ദേശം. ഞാൻ ചെല്ലുമ്പോൾ പാർലമെന്റ് സമ്മേളനത്തിനായി ഡൽഹി യാത്രക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലും. ശ്രീ ചിത്ര മെഡിക്കൽ സെന്റർ ഡയറക്ടർ ആയിരുന്ന ഡോക്ടർ മോഹൻദാസിനെ ഉടനെ ഫോണിൽ വിളിച്ചു. സ്വതസിദ്ധമായ വർക്കലയുടെ ശൈലിയിൽ അതിങ്ങനെ
' ഞാൻ ഒരു ശിവാനന്ദനെ അവിടെ അയയ്‌ക്കുന്നു. മിനർവ ശിവാനന്ദൻ എന്നാണ് അറിയുന്നത്. പാർട്ടിയുടെ ഉശിരുള്ള ആദ്യകാല സഖാവാണ്. ചിത്രയിൽ അഡ്മിറ്റ് ചെയ്യണം. നല്ല ചികിത്സ ഏർപ്പാടാക്കണം. അയാളെ പഴയ പോലെ ആരോഗ്യവാനായി തിരിച്ചു നൽകണം. അതിനു വേണ്ടെതല്ലാം ചെയ്യണം. മുഖ്യമന്ത്രി വി. എസി.ന്റേയും ഗൗരിഅമ്മയുടെയുമൊക്കെ വലിയ അടുപ്പക്കാരനാണ്. കൂടുതലൊന്നും പറയുന്നില്ല. അയാളെ നമുക്ക് തിരിച്ചു നൽകണം'. കൂടെ ഒരു ശുപാർശ കത്തും തന്നയച്ചു. വർക്കലയുടെ വിളിയിൽ തന്നെ കാര്യങ്ങളെല്ലാം ധൃതഗതിയിലായി. മണിക്കൂറോളം നീളാവുന്ന അഡ്മിഷൻ നടപടിക്രമങ്ങളെല്ലാം ഞൊടിയിടയിൽ. ചികിത്സ കാലയളവിൽ വി.എസും, വർക്കലയും ആശുപത്രിയിൽ നേരിട്ടെത്തി. 56 ദിവസത്തെ ആശുപത്രി വാസത്തിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമായി. കിട്ടിയ ചികിത്സയേയും തട്ടിമാറ്റി 2007 മാർച്ച് 18 ന് മിനർവ ശിവാനന്ദൻ വിടപറഞ്ഞു.
2008ൽ മിനർവ ശിവാനന്ദന്റെ ഒന്നാം അനുസ്മരണത്തിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ വർക്കലയ്‌ക്ക് എത്താൻ സാധിച്ചില്ല. 2009 ലും, 2010 ലെയും അനുസ്മരണങ്ങളിൽ ഞങ്ങളോടൊപ്പം നിറസാന്നിധ്യമായി കൂടെയുണ്ടായിരുന്നു. ' ശിവാനന്ദന്റെ അനുസ്മരണങ്ങളിൽ എന്നെ എപ്പോഴും വിളിച്ചോളുക. പറ്റുമ്പോഴെല്ലാം ഞാൻ പങ്കെടുക്കാം. അവനെപ്പറ്റി രണ്ടു വാക്കു പറയാം' എന്ന ഉറപ്പും.. ആ വാക്ക് ഞാനും റെയിൽവേ ബാബുവും, പി ആൻഡ് ടി മധുവുമുൾപ്പെട്ട അനുസ്മരണ സമിതിക്ക് നൽകിയ ആവേശം ചെറുതല്ലായിരുന്നു. നിർഭാഗ്യവശാൽ രണ്ടുവർഷമേ ഞങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ വർക്കലയ്‌ക്ക് സാധിച്ചുള്ളൂ. 2010 ഏപ്രിൽ 22ന് പ്രഭാതസവാരിക്കിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് 2010 ഏപ്രിൽ 26ന് വർക്കല മരണത്തിനു കീഴടങ്ങി.
ചിറയിൻകീഴ് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക്‌സഭാംഗമായിരുന്ന വർക്കല പാർലമെന്റ് നടപടിക്രമങ്ങളുടെ പരിധി മറികടന്ന് പലപ്പോഴും വിഷയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട്. പാർലമെന്റിൽ തലമുതിർന്ന കുടുംബ കാരണവരെപ്പോലെയാണ് മറ്റംഗങ്ങൾ വർക്കലയോട് പെരുമാറിയിരുന്നത്. സ്പീക്കറുടെ അഭാവത്തിൽ പാർലമെന്റ് നടപടികൾ നിയന്ത്രിക്കുന്ന പാനൽ ചെയർമാൻ പദവി വഹിച്ചിരുന്നു. വർക്കല പ്രായഭേദമന്യെ എല്ലാവർക്കും അണ്ണൻ ആയിരുന്നു.
തൈക്കാട് ഗസ്റ്റ് ഹൗസ് ജംഗ്ഷനു മുന്നിൽ വർക്കലയുടെ ഒരു പ്രതിമ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ വി.എസ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. അതിന്റെ തുടർ നടപടികൾ ഇനിയും മുന്നോട്ടു പോയിട്ടില്ല. തലസ്ഥാനത്ത് ഈ പ്രഗല്‌ഭനായ പാർലമെന്റേറിയന് ഉചിതമായ സ്മാരകം ഉയരേണ്ടത് സർക്കാരിന്റെയും നഗരസഭയുടെയും പരിഗണനയ്‌ക്കുള്ള വിഷയമാണെന്നും ഓർമ്മപ്പെടുത്തട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |