നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ കൂടി പൊലീസിന്റെ പിടിയിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി
ഷാർജയിൽ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസി (30)നെ കഴിഞ്ഞ ഞായറാഴ്ച തട്ടിക്കൊണ്ടുപോയ കേസിൽ ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് ഔറംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ ഷിറിൽ (30), ചൂളക്കപ്പറമ്പിൽ ഷംനാസ് (22), മാവിൻചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (25), കണ്ടാരത്ത് അഹമ്മദ് മസൂദ് (24), മാവിൻചുവട് മണപ്പാടത്ത് സക്കീർ (27), ആലങ്ങാട്ട് കംറാൻ എന്ന് വിളിക്കുന്ന റയ്സൽ (27), വലിയവീട്ടിൽ റിയാസ് (34) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. നേരത്തെ പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് പുതുക്കാടൻ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44)യെ പിടികൂടിയിരുന്നു.
താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന രണ്ട് പേർ ബലമായി ഇയാൾ വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ കയറുകയും വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പമ്പിനു സമീപം അഞ്ച് കാറുകളിലായി എത്തിയവർ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ഇയാളെ പിന്നീട് പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ കണ്ടെത്തി.
2019ൽ മുബാറക്ക് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മുഹമ്മദ് സാലിഹും, അഹമ്മദ് മസൂദും. ഔറംഗസീബിനെതിരെ കൊലപാതകം അടക്കം നിരവധി കേസുകളുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികളെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈ.എസ്.പി ടി.എസ്. സിനോജ്, സി.ഐ ടി. ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികളുടെ ലക്ഷ്യം വ്യക്തമാക്കാതെ പൊലീസ്
നെടുമ്പാശേരി: വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ തട്ടികൊണ്ടുപോയ കേസിൽ ഒമ്പത് പേരെ പിടികൂടിയെങ്കിലും പ്രതികളുടെ ലക്ഷ്യമെന്തെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലമെല്ലാം പത്രകുറിപ്പിൽ പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും താജു തോമസിനെ എന്തിന് വേണ്ടി തട്ടികൊണ്ടുപോയെന്ന് പറയുന്നില്ല. പൊലീസ് പുറത്തുവിടാത്തതാണോ പ്രതികൾ പറയാത്തതാണോയെന്ന് വ്യക്തമല്ല. ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്ന് പ്രതികൾ ആദ്യം പറഞ്ഞെങ്കിലും ഇത് ശരിയല്ലെന്ന് ബോധ്യമായി. വിദേശത്ത് നിന്ന് അനധികൃതമായി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പുറത്തുനിന്നു ലഭിക്കുന്ന സൂചന. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവരെ കൂടി അറസ്റ്റ് ചെയ്തെങ്കിലേ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം വ്യക്തമാകൂവെന്നുമാണ് പൊലീസ് പറയുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |