വളാഞ്ചേരി : കഞ്ഞിപ്പുര ചോറ്റൂർ സുബീറ ഫർഹത്ത് (21) കൊലക്കേസ് പ്രതി ചോറ്റൂർ വരിക്കോടത്ത് മുഹമ്മദ് അൻവറിനെ തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച തിരൂർ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് അയച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്.
കൊല്ലപ്പെട്ട യുവതിയുടെ നഷ്ട്ടപ്പെട്ട മൂന്ന് പവനോളം വരുന്ന സ്വർണഭരണങ്ങൾ വളാഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്നും പ്രതിയുടെ വീട്ടിൽ നിന്നുമായി വെള്ളിയാഴ്ച പോലീസ് കണ്ടെടുത്തു.
പ്രതിയെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച മൃതദേഹം കുഴിച്ചുമൂടിയതിനു സമീപത്തെ ചെങ്കൽ ക്വാറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ഷോൾഡർ ബാഗ്, പ്രതിയുടെ വസ്ത്രങ്ങൾ, മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് എന്നിവ കണ്ടെടുത്തുത്തിരുന്നു. മൊബൈൽ ഫോൺ കുഴൽക്കിണറിൽ ഇട്ടതിനാൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം നടത്തിയതിനു ശേഷം യുവതിയുടെ കൈവശമുണ്ടായിരുന്ന ഷോൾഡർ ബാഗ് പ്രതി ചെങ്കൽ ക്വാറിയിൽ കുഴിച്ചിടുകയായിരുന്നു. ഇത് പ്രതി തന്നെ പുറത്തെടുത്തു. മൊബൈൽ ഫോൺ തൊട്ടടുത്ത് തന്നെയുള്ള കുഴൽക്കിണറിൽ ഇട്ടതിനു ശേഷം വലിയ കല്ലുകളും ഇട്ടു. ഏകദേശം 500 അടിയോളം ആഴമുള്ള കുഴൽക്കിണറിൽ കയർ ഇറക്കി പരിശോധിച്ചപ്പോൾ 30 മീറ്റർ ആഴത്തിൽ മാത്രമേ എത്തിയുള്ളു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച കൈക്കോട്ട് തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തു. പ്രതി കൃത്യം നിർവ്വഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീടിനു ഏതാനും മീറ്ററുകൾ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തു. പോലീസ് നായ പരിശോധനക്ക് എത്തിയാൽ പിടിക്കപ്പെടാതിരിക്കാനാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്.
കഴിഞ്ഞ മാർച്ച് 10 നു രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും വെട്ടിച്ചിറയിലെ ജോലി സ്ഥലത്തേക്ക് പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു. 41 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച യുവതിയുടെ വീടിന്റെ 200 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ പി എം ഷമീറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ മുഹമ്മദ് റാഫി, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ മാരായ രാജേഷ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |