SignIn
Kerala Kaumudi Online
Thursday, 21 May 2026 1.32 AM IST

റോഡിനായി സ്ഥലം നൽകി കൃഷിവകുപ്പ് കനിഞ്ഞു; പതിനൊന്നാംവളവ് ഇനി ഭയമുള്ള ഓർമ്മ മാത്രം

curve
പതിനൊന്നാംവളവ്

തളിപ്പറമ്പ്:തളിപ്പറമ്പ്​-ഇരിട്ടി സംസ്ഥാനപാതയിലെ ആളെ കൊല്ലിയായ പതിനൊന്നാം വളവ് അടക്കം അഞ്ച് കൊടുംവളവുകൾ നിവർത്താനുള്ള പദ്ധതി പുരോഗമിക്കുന്നു. റോഡിന്റെ വികസനത്തിന് തടസമായിരുന്ന സ്ഥലം കൃഷിവകുപ്പ് വിട്ടുനൽകിയതോടെയാണ് നിരവധി പേരുടെ ജീവനെടുത്ത കൊടുംവളവുകൾ ഇല്ലാതാകുന്നത്.

32 കോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാനപാതയിൽ നടക്കുന്നത് ഇരിട്ടിയിലേക്കുള്ള 45 കിലോമീറ്റർ റോഡിലെ ഏറ്റവും അപകടകരമായ ഭാഗമായിരുന്നു കരിമ്പം ജില്ലാ കൃഷിഫാമിന് നടവിലൂടെയുള്ള ഈ വളവുകൾ. എണ്ണമറ്റ അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. റോഡിലെ വളവുകൾ നിവർത്തി വിപുലീകരിക്കാൻ സ്ഥലസൗകര്യമില്ലാത്തത് വികസനത്തെ തടസ്സപെടുത്തുകയായിരുന്നു.കൂട്ടത്തിൽ . ഏറ്റവും മാരകമായ വളവാണ് പതിനൊന്നാം വളവ് എന്നാണ് നാട്ടുകാർ പേരിട്ടുവിളിച്ചിരുന്നത്. ഈ ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിരുന്നത്. കരിമ്പം ഫാമിൽ നിന്ന് സ്ഥലം വിട്ടുകിട്ടാതെ റോഡിലെ വളവ് നിവർക്കാൻ സാധിക്കുമായിരുന്നില്ല. സർക്കാർ വകുപ്പിൽ നിന്നും ഇത്തരമൊരാവശ്യത്തിന് സ്ഥലം വിട്ടുകിട്ടുന്നതിലെ കടമ്പകൾ നിരവധിയായിരുന്നു. ഇതിലെ നിയമനടപടികൾ സങ്കീർണമായിരുന്നതിനാലാണ് ഇത്രയും കാലതാമസമുണ്ടായത്.

ജയിംസ് മാത്യു എം .എൽ. എയാണ് കഴിഞ്ഞ 9 വർഷമായി ഈ ആവശ്യത്തിനായി പരിശ്രമിച്ചുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടാതെ ഗതാഗത പൊതുമരാമത്ത് ,​കൃഷിമന്ത്രിമാരുടെ ഓഫീസുകളിൽ നിരന്തരമായി കയറിയിറങ്ങി എം എൽ എ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് റോഡ് വികസനത്തിനായി ഒരു ഏക്കർ 12 സെന്റ് സ്ഥലം കൃഷിവകുപ്പ് വിട്ടുനൽകിയത്. ഇതോടെ നാല് വളവുകൾ വീതികൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കാനും പതിനൊന്നാം വളവിൽ പുതിയ കോൺക്രീറ്റ് പാലം പണിത് റോഡിനെ നേർരേഖയിലാക്കാനും പദ്ധതി ഒരുങ്ങി.

ഇവിടെ റോഡിൽ വ്യാപകമായി സോളാർ ലൈറ്റുകൾ ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ പൂർണമായും ഇരുളിൽ മുങ്ങിനിൽക്കുന്ന റോഡിൽ നല്ല വെളിച്ചം ഏർപ്പെടുത്തുന്നതും റോഡ് ഇതെ പ്രവൃത്തിയുടെ ഭാഗമായിട്ടാണ്. കോൺക്രീറ്റ് പാലം നിർമ്മിക്കുന്ന പ്രദേശം ഫാമിലെ ജൈവവൈവിധ്യ കേന്ദ്രമായ ചോലമൂലയിലൂടെയായതിനാൽ ഇവിടെ മരങ്ങൾ മുറിക്കുന്നത് പരമാവധി കുറച്ചാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരമായി ഇവിടെ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കും.''

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL