SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.08 AM IST

വാക്സിൻ ക്ഷാമം, പ്രതിസന്ധി രൂക്ഷം

Increase Font Size Decrease Font Size Print Page
sars

പത്തനംതിട്ട : ജില്ലയിൽ വരും ദിവസങ്ങളിൽ വാക്സിനേഷൻ മുടങ്ങിയേക്കും. വാക്സിൻ തീർന്നതാണ് കാരണം. ഇന്നലെ 19,000 വാക്സിൻ ആണ് സ്റ്റോക്ക് ഉണ്ടായിരുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അടക്കം വാക്സിൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പലരും വാക്സിനെടുക്കാതെ മടങ്ങി. ചിലയിടങ്ങളിൽ പ്രായമായവർ വാക്സിനേഷൻ ലഭിക്കാത്തതിൽ ആരോഗ്യപ്രവർത്തകരോട് കയർത്തു. ജില്ലയിൽ 45 വയസിന് മുകളിലുള്ള 2.25 ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാനുണ്ട്.

ഇനി വാക്സിനേഷൻ പുനരാരംഭിക്കണമെങ്കിൽ പുതിയ സ്റ്റോക്ക് എത്തണം. 75000 ഡോസ് വാക്സിൻ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

രണ്ടാം ഘട്ട വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷനും ജില്ലയിൽ താളം തെറ്റിയ നിലയിലാണ്. സൈറ്റ് തകരാർ കാരണം രണ്ട് ദിവസമായി ഓൺലൈൻ രജിസ്ട്രേഷൻ മുടങ്ങിയ നിലയിലാണ്. പലരും ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. ഇതോടെ ആളുകൾ ആരോഗ്യ വകുപ്പ് അധികൃതരെ നിരന്തരം ഫോണിൽ വിളിക്കാനും തുടങ്ങിയിട്ടുണ്ട്. ആദ്യ ഡോസ് എടുത്ത വയോധികർ അടക്കം രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്.

ജില്ലക്ക് ലഭിക്കുന്ന ആകെ വാക്സിൻ ഓരോ ആരാഗ്യകേന്ദ്രത്തിനുമായി വിഭജിച്ച് നൽകുകയാണ്. ആരോഗ്യ കേന്ദ്രത്തിന്റെ സ്വഭാവം അനുസരിച്ച് വാക്സിൻ ഡോസിന്റെ എണ്ണത്തിലും വ്യത്യാസം വരും. ഇതനുസരിച്ചാണ് കൊവിൻ വെബ്സൈറ്റിൽ വാക്സിനെടുക്കാനായുള്ള സമയം തയ്യാറാക്കുന്നത്. ഇതിനിടെ ചില കേന്ദ്രങ്ങളിൽ അപ് ലോഡ് സമയത്ത് ജീവനക്കാർ തിരിമറി നടത്തുന്നതായും ആക്ഷേപമുണ്ട്‌. തങ്ങളുടെ അടുപ്പക്കാർക്ക് വേണ്ടി രജിസ്ട്രേഷൻ നടത്തി കൊടുക്കുന്നതായും പറയുന്നു. ഇതു കാരണം കാത്തിരിക്കുന്നവർക്ക് വാക്സിൻ ലഭിക്കാതെയാകുന്നു. കഴിഞ്ഞ ദിവസം 48000 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതിൽ 40000 കൊവിഷീൽഡും 8000 കൊവാക്സിനുമായിരുന്നു. 63 വാക്സിൻ വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുളളത്.

'' ജില്ലയിൽ ഒരു ദിവസം ശരാശരി 15000 പേർക്കാണ് വാക്സിൻ നൽകുന്നത്. ലഭ്യതയ്ക്കനുസരിച്ച് വാക്സിൻ നൽകും. മാസ്ക് കൃത്യമായി ധരിക്കലും സാമൂഹിക അകലം പാലിക്കലും പരമ പ്രധാനമാണ്.

ഡോ. എബി സുഷൻ,

ദേശീയ ആരോഗ്യ മിഷൻ, ജില്ലാ പ്രോഗ്രാം മാനേജർ.

ഇന്നലെ സ്റ്റോക്കുള്ള വാക്സിൻ : 19,000

45 വയസിന് മുകളിലുള്ള

വാക്സിൻ എടുക്കാനുള്ളവർ : 2.25 ലക്ഷം

വാക്സിൻ വിതരണ കേന്ദ്രങ്ങൾ : 63

1163 പേർക്ക് കൊവിഡ് , ആറ് മരണം

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്ത് നിന്ന് വന്നവരും 53 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1096 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 72,184 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 65503 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 684 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 63494 ആണ്.

ആറു മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1) റാന്നി പെരുനാട് സ്വദേശി (62) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
2) റാന്നി സ്വദേശി (71) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരിച്ചു.
3) കവിയൂർ സ്വദേശി (52) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
4) റാന്നിപഴവങ്ങാടി സ്വദേശി (65) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരിച്ചു.
5) മല്ലപ്പളളി സ്വദേശി (81) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
6) ചിറ്റാർ സ്വദേശി (72) റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER