തൃശൂർ: 1,361 പേർ രോഗമുക്തരായപ്പോൾ 3,954 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,43,712 ആണ്.
1,14,692 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 26.85 ശതമാനമാണ്. സമ്പർക്കം വഴി 3,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 17 പേർക്കും, അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത പത്ത് പേർക്കും രോഗബാധയുണ്ടായി. 60 വയസിന് മുകളിൽ 245 പുരുഷന്മാരും, 260 സ്ത്രീകളും പത്ത് വയസിന് താഴെ 113 ആൺകുട്ടികളും 96 പെൺകുട്ടികളുമുണ്ട്.
20 മെഡിക്കല് കോളേജുകളും
കൊവിഡ് ചികിത്സയ്ക്ക്
തൃശൂർ : ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ആരോഗ്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. അതിനനുസരിച്ചുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.
കൊവിഡ് ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമായ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും സൃഷ്ടിക്കുന്നതിനായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അവസാന വർഷ പരീക്ഷകൾ മേയ് മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകൾ ജൂൺ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. തിയറി ക്ലാസുകൾ ഓൺലൈനായി തുടരും. വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ നിന്നോ വീടുകളിൽ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കൽ / ക്ലിനിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളിലായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തണം. ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |