പ്ളാന്റുകൾ അടച്ച് മാരുതി ഉൾപ്പെടെയുള്ള കമ്പനികൾ
നിർമ്മാണശാലകളിലെ ഓക്‌സിജൻ ആശുപത്രികൾക്ക് നൽകും
കൊച്ചി: വ്യാവസായിക ആവശ്യത്തിനുള്ള ദ്രവീകൃത (ലിക്വിഡ്) ഓക്‌സിജൻ ഉപയോഗം കേന്ദ്രസർക്കാർ വിലക്കിയതോടെ ഫാക്‌ടറികൾ താത്കാലികമായി അടച്ച് പ്രമുഖ വാഹന നിർമ്മാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, എം.ജി മോട്ടോർ എന്നിവയാണ് ഫാക്‌ടറികൾ അടച്ചത്.
സാധാരണയായി വാർഷിക അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്‌ചയോളം വാഹന നിർമ്മാതാക്കൾ പ്ളാന്റുകൾ അടയ്ക്കാറുണ്ട്. ഓക്‌സിജൻ ഉപയോഗം വിലക്കിയതിനാൽ ഇതു നേരത്തേയാക്കുകയാണ് മിക്ക കമ്പനികളും ചെയ്‌തത്. സ്‌റ്റീൽ, പ്ളാസ്‌റ്റിക്, വാഹനഘടകങ്ങൾ എന്നിവയുടെ നിർമ്മാണപ്രക്രിയയിലെ അനിവാര്യഘടകമാണ് ലിക്വിഡ് ഓക്‌സിജൻ. വെൽഡിംഗ് പ്രക്രിയയ്ക്കാണ് വാഹന നിർമ്മാതാക്കൾ ഇതു പ്രധാനമായും ഉപയോഗിക്കുന്നത്.
അറ്റകുറ്റപ്പണിക്കായി സാധാരണ ജൂണിന് ശേഷം പ്ളാന്റുകൾ അടയ്ക്കാറുള്ള ഹോണ്ട, ഇന്നുമുതൽ 15 വരെ പ്ളാന്റുകൾ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കി. ഹരിയാനയിലെ മനേസർ, രാജസ്ഥാനിലെ തപുകര, കർണാടകയിലെ നർസാപൂർ, ഗുജറാത്തിലെ വിട്ടലാപൂർ എന്നിവടങ്ങളിലാണ് കമ്പനിയുടെ പ്ലാന്റുകൾ. ഹരിയാനയിലെ മനേസർ, മാതൃകമ്പനിയായ സുസുക്കിയുടെ ഗുജറാത്ത് പ്ളാന്റുകളാണ് മാരുതി ഇന്നുമുതൽ ഒമ്പതുവരെ അടച്ചത്. ഏപ്രിൽ 26ന് അടച്ച ടൊയോട്ടയുടെ ബംഗളൂരു പ്ളാന്റ് മേയ് 14വരെ പ്രവർത്തിക്കില്ല. നാലുദിവസത്തേക്ക് കഴിഞ്ഞവാരം ഹീറോയും പ്ളാന്റുകൾ പൂട്ടി. ഒരാഴ്‌ചത്തേക്ക് എം.ജി മോട്ടോറിന്റെ വഡോദര പ്ലാന്റും തുറക്കില്ല.
എന്താണ് നേട്ടം?
വ്യാവസായിക ആവശ്യത്തിനുള്ള ലിക്വിഡ് ഓക്‌സിജൻ മെഡിക്കൽ ഉപയോഗത്തിനായി ആശുപത്രികൾക്ക് കൈമാറാനാണ് കേന്ദ്ര നിർദേശം. ഇതോടെ പ്ലാന്റുകളിലുള്ള ക്രയോജനിക് ടാങ്കുകൾ, സിലിണ്ടറുകൾ എന്നിവയും ആശുപത്രികളിലേക്ക് മാറ്റാം. ഏപ്രിൽ 26ലെ കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന ഓക്‌സിജൻ ലഭ്യത 6,600 ടണ്ണാണ്. വ്യാവസായിക ഓക്‌സിജനും ലഭ്യമാകുന്നതോടെ ഇതിലേക്ക് 1,500 ടൺ കൂടി ചേർക്കാം. ഇത് ഒട്ടേറെ ആശുപത്രികൾക്കും കൊവിഡ് രോഗികൾക്കും വലിയ ആശ്വാസമാകും.
എന്തുകൊണ്ട് വിലക്ക്?
കൊവിഡിന് മുമ്പ് രാജ്യത്തെ മെഡിക്കൽ ഓക്‌സിജൻ ഉപയോഗം പ്രതിദിനം 700 ടണ്ണായിരുന്നു. കൊവിഡിന്റെ ഒന്നാംതരംഗത്തിൽ ഇത് 2,800 ടണ്ണിലെത്തി. രണ്ടാംതരംഗത്തിൽ ആവശ്യകത 3,500-4,000 ടണ്ണാണ്. ഈ സാഹചര്യത്തിലാണ് ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം കേന്ദ്രം വിലക്കിയത്.
കമ്പനികളെ ബാധിക്കുമോ?
ഓക്‌സിജൻ വിലക്കിന്റെ പശ്ചാത്തലത്തിൽ, പ്ളാന്റുകളുടെ വാർഷിക അറ്റകുറ്റപ്പണി നേരത്തേയാക്കിയതിനാൽ വാഹന കമ്പനികൾക്ക് പ്രശ്‌നമുണ്ടാവില്ല. രണ്ടാഴ്‌ചയ്ക്കുശേഷം വിലക്ക് മാറുമെന്നാണ് പ്രതീക്ഷ.
പ്രതിരോധത്തിന് പ്രാധാന്യം
കൊവിഡിന്റെ ഒന്നാംതരംഗ വേളയിൽ മാരുതിയും മഹീന്ദ്രയും ഉൾപ്പെടെയുള്ള കമ്പനികൾ പ്ളാന്റുകളിൽ വെന്റിലേറ്ററുകളും പി.പി.ഇ കിറ്റുകളും നിർമ്മിച്ച് ആശുപത്രികൾക്ക് കൈമാറിയിരുന്നു. ഓക്‌സിജൻ പ്ളാന്റുകളുടെ നിർമ്മാണത്തിന് ഹ്യുണ്ടായ് 20 കോടി രൂപ പ്രഖ്യാപിച്ചു. ഓക്‌സിജൻ സിലിണ്ടറുകൾ ആശുപത്രികൾക്ക് നൽകിയ ഹീറോ, ആരോഗ്യപ്രവർത്തകർക്ക് സ്‌കൂട്ടറുകളും നൽകുന്നുണ്ട്.
പ്രതിദിനം 1000 എം.ടി
ഓക്സിജനുമായി റിലയൻസ്
മെഡിക്കൽ ആവശ്യത്തിനായി പ്രതിദിനം ആയിരം മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ ഉത്‌പാദിപ്പിച്ച് റിലയൻസ് ഇൻഡസ്‌ട്രീസ്. ഇന്ത്യയുടെ മൊത്തം ഉത്‌പാദനത്തിന്റെ 11 ശതമാനമാണിത്. പ്രതിദിനം ശരാശരി ആയിരം രോഗികൾക്ക് ഇതുപകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിനകം 15,000ലധികം മെട്രിക് ടൺ ഓക്‌സിജനാണ് കമ്പനി സൗജന്യമായി ലഭ്യമക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |