ലണ്ടൻ: ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടത്തിന് തൊട്ടരുകിലെത്തി. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് തോറ്റാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. യുണൈറ്റഡ് തോറ്റില്ലെങ്കിലും സിറ്റിക്ക് ഇനിയുള്ള നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ ജയിച്ചാൽപ്പോലും കിരീടം സ്വന്തമാക്കാം.
സിറ്റിയും യുണൈറ്റഡും തമ്മിൽ നിലവിൽ 13 പോയിന്റിന്റെ വ്യത്യാസം ഉണ്ട്. ഇന്നലെ ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോയും ഫെറാൻ ടോറസും നേടിയ ഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്. പ്രിമിയർ ലീഗിൽ സിറ്റിയുടെ തുടർച്ചയായ 11-ാം എവേ വിജയമായിരുന്നു ഇത്.
തുടർച്ചയായി ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ ജയിച്ച ടീമെന്ന റെക്കാഡിനൊപ്പമെത്താനും സിറ്റിക്കായി. മറ്റൊരു മത്സരത്തിൽ സതാംപ്ടൺ ലെസ്റ്റർ സിറ്റിയെ 1-1ന്റെ സമനിലയിൽ പിടിച്ചു. വെസ്റ്റർഗാർഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് സതാംപ്ടൺ മത്സരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |