കളമശേരി: കുസാറ്റ് കാമ്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീനിന് അജ്ഞാതൻ തീകൊളുത്തി. ഞായറാഴ്ച വൈകിട്ട് 7.45നാണ് കുസാറ്റ് കോമൺ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയോട് ചേർന്ന് പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിലെ രണ്ട് മെഷീനുകളിൽ ഒന്നിന് തീപിടിച്ചത്. പുക ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാർ കണ്ടെങ്കിലും വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതി അവഗണിച്ചു. തിങ്കളാഴ്ച പകൽ 11 മണിക്കാണ് പൊലീസിനെ അറിയിച്ചത്.
ഒരു യുവാവ് എ.ടി.എം കൗണ്ടറിനകത്ത് കടന്ന് മെഷീനിൽ കാർഡിട്ട് നോക്കിയ ശേഷം കുപ്പിയിൽ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മെഷിനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കളമശേരി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫൊറൻസിക്ക് വിഭാഗവും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |