ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഡൽഹിയിൽ 700 മെട്രിക് ടൺ ഓക്സിജൻ എത്തിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി അലക്ഷ്യ നടപടി എടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ജസ്റ്റിസ് വിപിൻ സാംഘിയും രേഖാ പളളിയും അടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി നൽകാൻ ആവശ്യപ്പെട്ട 700 മെട്രിക് ടണ്ണിന്റെ ആവശ്യമുണ്ടോ എന്ന് കണക്കുകൂട്ടുകയാണെന്നും ഒാരോ സംസ്ഥാനങ്ങൾക്കും വിഹിതം അനുവദിക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചപ്പോഴാണ് രൂക്ഷ വിമർശനമുണ്ടായത്. " നിങ്ങൾ ദന്തഗോപുരത്തിലാണോ ഇരിക്കുന്നത്. ഒട്ടകപക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തിയിരിക്കാൻ ഞങ്ങൾ സമ്മതിക്കില്ല'' -കോടതി പറഞ്ഞു. 700 മെട്രിക് ടൺ എന്തുകൊണ്ട് നൽകിയില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ആ നടപടി കൊണ്ട് സാധിക്കുമോ എന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയായി കേസ് പരിഗണിക്കുകയാണ്. ഒരുദിവസം പോലും മുഴുവൻ വിഹിതം ഡൽഹിയിലെത്തിയിട്ടില്ല. സുപ്രീംകോടതി ആവശ്യപ്പെട്ട ഓക്സിജൻ വിഹിതം എത്തിച്ചില്ലെങ്കിൽ കോടതി അലക്ഷ്യനടപടി അല്ലാതെ മറ്റ് മാർഗമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |