SignIn
Kerala Kaumudi Online
Saturday, 27 April 2024 12.28 AM IST

തുടർഭരണം സാദ്ധ്യമായത് കിറ്റിലൂടെ മാത്രമോ?

gg

വോട്ടെണ്ണൽ കഴിഞ്ഞതു മുതൽ കേരളത്തിലെ രാഷ്ട്രീയക്കാരും നിരീക്ഷകരും പൊതുജനങ്ങളും ഒരുപോലെ ചർച്ച ചെയ്യുന്ന വിഷയമാണ് പിണറായിക്ക് തുടർഭരണത്തിന് കളമൊരുക്കിയ ഘടകങ്ങൾ എന്തൊക്കെ എന്നത് . ഉത്തരമായി തെളിഞ്ഞു വരുന്നത് കിറ്റും കൊവിഡ് പ്രതിരോധവും സാമൂഹ്യക്ഷേമ പെൻഷനും ഒക്കെയാണ്. ഇതു മാത്രമാണോ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് കാരണം?​ മാത്രമല്ല,​ പിണറായി വിജയൻ നിരവധി കാര്യങ്ങളിൽ പ്രതിരോധത്തിലുമായിരുന്നില്ലേ? കേരളം സമീപകാലത്ത് കണ്ട ഏറ്റവും കൂടുതൽ അഴിമതി ആരോപണങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്ന ഭരണമായിരുന്നു പിണറായിയുടേത്. മന്ത്രിസഭയുടെ തുടക്കം മുതൽ മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ,​ രാജി,​ശബരിമല വിഷയം,​ പ്രളയദുരിതാശ്വാസ ഫണ്ട് തിരിമറി, ലൈഫ് മിഷൻ അഴിമതി, സ്പ്രിംഗ്ളർ വിവാദം, സ്വർണക്കള്ളക്കടത്ത് വിവാദം, ശിവശങ്കരന്റെ പുറത്താകൽ, മന്ത്രി ജലീലിലേക്കും സ്പീക്കർ ശ്രീരാമകൃഷ്ണനിലേക്കും നീളുന്ന ആരോപണങ്ങൾ, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ,ആഴക്കടൽ മത്സ്യബന്ധന ആരോപണം, പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മക്കളുമായി ബന്ധപ്പെട്ട കേസുകൾ, പെരിയ ഉൾപ്പെടെയുള്ള രാഷ്ടീയ കൊലപാതകങ്ങൾ, ഹെലിക്കോപ്‌ടർ വിവാദം ,നിർബന്ധ സാലറി ചാലഞ്ച് അങ്ങനെ നീളുന്നു വിവാദങ്ങൾ. അതുകൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും പിണറായിയുടെ പതനം ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ തിരഞ്ഞെടുപ്പ് യുദ്ധതന്ത്രത്തിൽ വിജയിക്കാനാവശ്യമായ എല്ലാ യുദ്ധസന്നാഹങ്ങളും പിണറായി തനിക്ക് അനുകൂലമാക്കി. അതിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു മുന്നണി രാഷ്ടീയം. അഞ്ച് വർഷത്തിനിടയിൽ പിണറായി ഏറെ ശ്രദ്ധിച്ചതും മുന്നണി വിപുലീകരണത്തിലും ഘടകകക്ഷികളെ തൃപ്തിപ്പടുത്തുന്നതിലുമായിരുന്നു. അതുവഴി രാഷ്ട്രീയ, മത, സാമുദായിക അടിത്തറ സുശക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചെറുകക്ഷിയായ എൻ.സി.പി,​ കോൺഗ്രസ് ( എസ് )​ എന്നിവർക്ക് മന്ത്രിസ്ഥാനം നല്‌കിയതും സ്വതന്ത്രനായ ജലീലിന് സുപ്രധാന വകുപ്പ് നല്‌കിയതും അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയ്‌ക്കും നൽകിയ കാബിനറ്റ് പദവിയും എം.എൽ.എമാരില്ലാതിരുന്നിട്ടും യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജെ.എസ്.എസിനും ജനാധിപത്യ കേരള കോൺഗ്രസിനും, സി.എം.പിക്കും ബോർഡുകളും കോർപ്പറേഷനും നൽകി കൂടെത്തന്നെ നിറുത്തിയതും ഇതിനായിരുന്നു. യു.ഡി.എഫിൽ നിന്ന എൽ.ജെ.ഡിയെ കൊണ്ടുവന്ന് വീരേന്ദ്രകുമാറിനെ രാജ്യസഭാ മെമ്പറാക്കി. അവസാനം കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിൽ എത്തിച്ചതു വഴി മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വിഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ഈ തിരഞ്ഞെടുപ്പിൽ സി.പി.എം,​ സി.പി.ഐ,​ സി.പി.എം,​ സി.പി.ഐ, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി). ജനാധിപത്യ കേരള കോൺഗ്രസ്, ജെ.ഡി.യു,​ എൽ.ജെ.ഡി,​ എൻ.സി.പി , കോൺഗ്രസ് എസ്, ഐ.എൻ.എൽ,​ ആർ.എസ്.പി ലെനിനിസ്റ്റ്, ജെ.എസ്.എസ് , ഇടതു സ്വതന്ത്രർ അങ്ങനെ നീണ്ടനിരയെത്തന്നെ അണിനിരത്താൻ ഇടതുപക്ഷത്തിനായി. ഇതിൽ മിക്ക ഘടകകക്ഷികൾക്കും സംഘടനാശേഷി കുറവാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. വേണമെങ്കിൽ ആ സീറ്റുകൾ സി.പി.എം ഏറ്റെടുത്താൽ കൂടുതൽ പാർട്ടി എം.എൽ.എമാരെ സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഘടകകക്ഷികളുടെ കാര്യത്തിൽ സംഘടനാശേഷി മാത്രമല്ല മാനദണ്ഡമെന്നും അവർ പ്രതിനിധാനം ചെയ്യുന്ന ആശയവും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവുമാണെന്ന രാഷ്ടീയ തന്ത്രജ്ഞത പിണറായിക്ക് പണ്ടത്തേക്കാൾ നന്നായി മനസിലായിരിക്കുന്നു. അതുവഴി ഇടതുപക്ഷ അടിത്തറ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ശക്തമാക്കാൻ കഴിഞ്ഞു. ഇടതുപക്ഷ ജനകീയ അടിത്തറയിൽ പ്രബല വിഭാഗമായിരുന്ന ഭൂരിപക്ഷ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിറുത്താൻ ശ്രീനാരായണ സർവകലാശാലയും സ്ഥാനാർത്ഥി നിർണയത്തിലെ പിന്നാക്ക പ്രാതിനിധ്യവും സഹായിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പതിനായിരക്കണക്കിന് ഹൈന്ദവ പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ കേസിൽപ്പെട്ട സാധാരണക്കാർക്ക് ലഭിച്ച ആശ്വാസം ചെറുതല്ല. സമാനമായ ആനുകൂല്യം മുസ്ലീം സംഘടനകൾ നടത്തിയ പ്രക്ഷോഭത്തിൽ പ്രതികളായവർക്കും ലഭിച്ചു. ഇതും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ഫലത്തിൽ കേരള സമൂഹത്തിലെ സംഘടിത രാഷ്ടീയ, മത, സാമുദായിക ഘടകങ്ങളെ അനുകൂലമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായപ്പോൾ തനിക്കെതിരെയും, ഗവൺമെന്റിനെതിരെയും ഉയർന്ന എല്ലാ ആരോപണങ്ങളെയും നിഷ്പ്രഭമാക്കാനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനുമായി.

പ്രതിപക്ഷത്ത് ഗ്രൂപ്പുകളിയും പടനായകനെ ചൊല്ലിയുള്ള അസ്വസ്ഥതയും, ഘടക കക്ഷികളുടെ ചോർന്നു പോക്കും സ്ഥാനാർത്ഥി നിർണയത്തിൽ
പിന്നാക്കക്കാരെ തഴഞ്ഞതും ന്യൂനപക്ഷങ്ങൾ അകന്നതും പരാജയ കാരണമായി. ശക്തമായ പ്രതിപക്ഷമാവാൻ കഴിയുമായിരുന്ന എൻ.ഡി.എയ്‌ക്ക് 2016 ൽ ഉണ്ടായിരുന്ന ഘടകകക്ഷികളെ കൂടെ നിറുത്താനും സംരക്ഷിക്കാനും വേണ്ടവിധം കഴിഞ്ഞില്ല. 2016ൽ ബി.ഡി.ജെ.എസ് ഉൾപ്പെടെ വലിയ വിഭാഗങ്ങൾ രാഷ്ട്രീയമായും സാമുദായികമായും എൻ.ഡി.എ യിൽ ബി.ജെ.പിക്കൊപ്പം അണിനിരന്നു എന്ന തോന്നൽ പൊതുസമൂഹത്തിനുണ്ടായി. അതുവഴി ആറ് ശതമാനം വോട്ടിൽ നിന്നും 16 ശതമാനത്തിലേക്ക് എൻ.ഡി.എ വളർന്നു. മുന്നണി രാഷ്ടീയത്തിന്റെ ബാലപാഠങ്ങൾ വേണ്ടവിധം ഉൾക്കൊള്ളാത്തതിന്റെ പേരിൽ ഘടകകക്ഷികൾ അസംതൃപ്തരായി. രാഷ്ട്രീയപരമായി പാലിക്കേണ്ട മുന്നണി മര്യാദകളും അധികാരത്തിലിരിക്കുമ്പോൾ ലഭിക്കുന്ന സ്ഥാനങ്ങളിൽ ചിലതെങ്കിലും ഘടകകക്ഷികൾക്ക് നൽകുന്നതിൽ വിമുഖത കാണിച്ചെന്നോ, അല്ലെങ്കിൽ അവർക്ക് നൽകാൻ കഴിഞ്ഞില്ലെന്നോ
എന്തുമാവട്ടെ അഞ്ച് വർഷമായിട്ടും ജില്ലകൾ ഉൾപ്പെടെ താഴേക്ക് എൻ.ഡി.എ സംവിധാനം തീർത്തും ഇല്ലെന്നതാണ് അനുഭവം. പരസ്പരം പഴിചാരിയും ഘടകകക്ഷി നേതാക്കളെ താഴെത്തട്ടിൽ പരിഹസിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചെളി വാരിയെറിഞ്ഞും പോകുമ്പോൾ വിഷയം പരിഹരിച്ച് താഴെത്തട്ടിൽ ചെറുതും വലുതുമായ കക്ഷികളെ പരസ്പരം ആദരിച്ച് എൻ.ഡി.എയെ ശക്തിപ്പെടുത്തി ജനകീയ അടിത്തറ വിപുലപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

2016ൽ വളരെ പ്രതീക്ഷയോടെ എൻ.ഡി.എയിലേക്ക് വന്ന വോട്ടുബാങ്കിൽ ഇന്ന് വിള്ളലുണ്ടായി. കുറഞ്ഞപക്ഷം എൻ.ഡി.എയിലെ പ്രബല കക്ഷികളായ ബി.ഡി.ജെ.എസിനെയെങ്കിലും താഴെത്തട്ടു വരെ കൂടെ നിറുത്താൻ തയ്യാറാവേണ്ടതായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നണി ഏകോപനമില്ലായിരുന്നു. പ്രധാന മത്സരങ്ങൾ പത്തോ പന്ത്രണ്ട് മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങി നിന്നെന്ന ധാരണ പൊതുജനങ്ങളിലുണ്ടായി. (അതും മത്സരരംഗത്ത് ബി.ജെ.പി എന്ന ലേബലിൽ ) അതുമൂലം ബാക്കി മണ്ഡലങ്ങളിൽ വേണ്ടത്ര ജനപിന്തുണ എൻ.ഡി.എ യ്ക്ക് ലഭിച്ചില്ല. ഇതും പ്രകടനത്തെ ബാധിച്ചു. പലയിടത്തും ബി.ജെ.പിയും ബി.ഡി.ജെ.എസും തനിച്ച് മത്സരിച്ച പ്രതീതിയാണുണ്ടായത്. അതും വോട്ട് ഗണ്യമായി കുറയാനിടയാക്കി. മുന്നണി രാഷ്ട്രീയ പരീക്ഷണത്തിൽ അഞ്ചുവർഷം എന്നത് വളരെ കുറഞ്ഞ കാലയളവാണ്. യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ വികസന രാഷ്ട്രീയത്തെ മലയാളികളുടെ മനസറിഞ്ഞ് മുന്നണി സംവിധാനത്തിലൂടെ പ്രചരിപ്പിച്ചാൽ 2026 ൽ കേരളവും എൻ.ഡി.എയ്‌ക്കൊപ്പമാവും.

(ലേഖകൻ ബി.ഡി.ജെ. എസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ,ഫോൺ - 9447323610)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ELECTION, NDA, BDJS, BJP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.