SignIn
Kerala Kaumudi Online
Saturday, 27 April 2024 4.29 AM IST

ഭാഷയെ അനന്യസാധാരണമായി വിന്യസിച്ച എഴുത്തുകാരൻ, ആനച്ചന്തം പോലൊരു ജീവിതം

madamb

​​​തിരുവനന്തപുരം: ആനപ്പണിയും ആനവൈദ്യവും പഠിച്ച് ശാന്തിപ്പണിയും ചെയ്‌ത് എഴുതിയെഴുതി ജീവിച്ച അസാമാന്യ പ്രതിഭയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. കേരളത്തിലെ ഏറ്റവും പ്രമുഖനായ ആനവൈദ്യൻ. ആനചികിത്സയുമായി ബന്ധപ്പെട്ട ചർച്ചകളിലെ നിറസാന്നിദ്ധ്യം. പല സിനിമകളിലും ചെറുതെങ്കിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അതിനൊപ്പം തിരക്കഥാ രചനയിലും അസാമാന്യ കഴിവ് പ്രകടിപ്പിച്ച വ്യക്തിത്വം. ഇതൊക്കെയായിരുന്നു മലയാളിക്ക് മാടമ്പ് കുഞ്ഞുകുട്ടന്‍റെ ജീവിതം.

ഭാഷയുടെ അനന്യസാധാരണമായ വിന്യാസമാണ് കുഞ്ഞുക്കുട്ടനെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നത്. ഋജുവായി പറയാതെ അൽപ്പം ചുറ്റിവളഞ്ഞു പറയുമ്പോഴും കഥയുടെ കാതലിന് കോട്ടമില്ല എന്നതാണ് കുഞ്ഞുകുട്ടന്‍റെ രചനയുടെ സവിശേഷത. ശൃംഗാരപദങ്ങൾ മൂളി, മുറിക്കുത്തുപ്പി ഉമ്മറത്തിരിക്കുന്ന പഴയ ആഢ്യൻ തിരുമേനിമാരെ അവതരിപ്പിക്കുമ്പോൾ പോലും നല്ല കൈയടക്കം കാണിക്കുന്ന എഴുത്തുകാരൻ. ആക്ഷേപ ഹാസ്യ രചനാ രീതിയായിരുന്നു മാടമ്പിന് പഥ്യം.

മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നുവന്ന എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പോലെ അശാന്തമായ ആത്മാവുമായി അലയുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ ‘അശ്വത്ഥാമാവ്’, കുറിയേടത്തു താത്രിയുടെ ജീവിതകഥയെ അടിസ്‌ഥാനമാക്കി രചിച്ച ഭ്രഷ്‌ട് തുടങ്ങിയ നോവലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം ചേർന്നുനടന്ന മാടമ്പ് ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് 2001ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നത്. മഹാപ്രസ്‌ഥാനം,എന്തൊരോ മഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്, നിഷാദം, ,അവിഘ്‌നമസ്‌തു മാരാരാശ്രീ, ദേവഭൂമി, ഓം ശാന്തി:ശാന്തി:ശാന്തി,അമൃതസ്യപുത്ര: തുടങ്ങിയവ പ്രധാന നോവലുകളാണ്. ദേശാടനം, ശാന്തം, കരുണം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. ‘മഹാപ്രസ്‌ഥാനം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു(1983). കരുണത്തിന് മികച്ച തിരക്കഥയ്ക്കുളള ദേശീയ അവാർഡ് (2000) അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ മാടമ്പിനെ തേടിയെത്തിയിട്ടുണ്ട്.

‘അശ്വത്ഥാമാവ്’ എന്ന ചിത്രത്തിൽ നായകവേഷമുൾപ്പെടെ ഏതാനും സിനിമകളിലും സീരിയലിലും അഭിനയിച്ചു. പരിസ്ഥിതി സംബന്ധമായി ‘അശ്വത്ഥ നിംബ പരിണയം’ എന്ന ഡോക്യൂമെന്‍ററി സംവിധാനം ചെയ്‌തു. തകഴി ശിവശങ്കരപ്പിളളയെ കുറിച്ചും അദ്ദേഹം ഡോക്യുമെന്‍ററി ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADAMBU KUNJUKUTTAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.