വർക്കല: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ചെമ്മരുതി കല്ലണയാർ കര കവിഞ്ഞൊഴുകി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലം ഏലായിൽ വൻ കൃഷി നാശം. മണ്ണിടിച്ചിൽ മൂലം പ്രദേശത്തെ തോടുകൾ മണ്ണ് മൂടി നീരൊഴുക്കുകൾ നിലച്ചു. മുട്ടപ്പലം പട്ടരുമുക്ക് രേഖ നിവാസിൽ വേണുഗോപാലന്റെ വീട്ടിലെ കിണർ ഇടിഞ്ഞു വീഴുകയും ചെയ്തു. ചേന്നൻകോട് കൈവല്യം വീട്ടിൽ ശിവദാസന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഫയർഫോഴ്സെത്തി വെള്ളം നീക്കംചെയ്തു. ശിവദാസൻ ഉൾപ്പെടെ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. അപകട സാദ്ധ്യത കണക്കിലെടുത്ത് ഇവരെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു. വർക്കല വെന്നികോട് പ്രദേശത്ത് മതിൽ ഇടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. വെന്നികൊട് പള്ളിക്ക് സമീപം കഴിഞ്ഞദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. റോഡിന് സമീപത്തെ ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞുവീണത്. മതിലിടിഞ്ഞു ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീണ് പോസ്റ്റ് മറിഞ്ഞു വീണതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടു. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി മതിലിന്റെ അവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർഫോഴ്സ് ഗ്രേയ്ഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരിലാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്കുമാർ, ഷിബിൻ, ഗിരീഷ്, വിശാഖ്, ശാലു എന്നിവർ ഉൾപ്പെട്ട സംഘം ഒരു മണിക്കൂറോളം എടുത്താണ് ഗതാഗതം
പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |