ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രാർ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചത്.
ചന്ദ്രചൂഡിന്റെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഓക്സിജൻ ലഭ്യതയിലടക്കം കൃത്യമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്ന കോടതിയിൽ കേസ് വൈകുന്നത് പുതിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |