തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്കും രോഗം വരാം. ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. എന്നാൽ കുട്ടികൾ രോഗവാഹകരാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്നും തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്‌ക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക എന്നിവ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണം. ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും അത് നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോളണ്ടിയർമാർക്ക് രാഷ്‌ട്രീയം വേണ്ട
തദ്ദേശ സ്ഥാപനങ്ങളിലെ വോളണ്ടിയർമാർക്ക് പ്രത്യേക രാഷ്ട്രീയം കാണുമെന്നും എന്നാലും എല്ലാവരും ഒരുമയോടെയാണ് ഇപ്പോൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടിയും ചിഹ്നവും വച്ചുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കരുത്. അത് യോജിപ്പിന് തടസമാകാം. അക്കാര്യം തദ്ദേശ സ്ഥാപന പ്രതിനിധികൾ ശ്രദ്ധിക്കണം. വോളണ്ടിയർമാർ അതത് സ്ഥലത്ത് ഉള്ളവർ ആയതിനാൽ അവരെ തിരിച്ചറിയാൻ കൊടിയുടേയും ചിഹ്നത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
39,280 പേരുടെ ചികിത്സാ
ചിലവായി 102 കോടി
സർക്കാർ ആശുപത്രികളിൽ നിന്നും, കൺട്രോൾ സെല്ലുകളിൽ നിന്നും റഫർ ചെയ്‌തവരും കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളും ഉൾപ്പെടെ 39,280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് കാസ്‌പ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകി. 102 കോടി രൂപ ഇതിനായി ചെലവിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് മുക്തരിലെ ബ്ലാക്ക് ഫംഗൽ
അപൂർവമായി കേരളത്തിലും
തിരുവനന്തപുരം : മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉൾപ്പെടെ കൊവിഡ് മുക്തരായവരിൽ ഉണ്ടായ
ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. കൊവിഡ് വരുന്നതിന് മുൻപും ഇതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ എടുത്ത് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഒരു ഓക്സിജൻ എക്സ് പ്രസ് കൂടി നൽകാമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. ആദ്യം അനുവദിച്ച എക്സ് പ്രസ് ഇന്ന് പുലർച്ചെ വല്ലാർപാടത്ത് എത്തും.
തൊഴിലാളികൾ ഇവിടെ തുടരും
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും അതിഥിതൊഴിലാളികൾ ഇവിടെ തുടർന്ന് ജോലി ചെയ്യാനാണ് താൽപര്യം കാട്ടുന്നത്. അവർക്കുള്ള കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ഒറ്റപ്പെട്ടു നിൽക്കുന്നവർക്കും കിറ്റ് നൽകുന്നുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക് മരുന്നും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |