SignIn
Kerala Kaumudi Online
Saturday, 11 May 2024 9.31 AM IST

കലിയടങ്ങാതെ കടൽ, തീരങ്ങൾ ആശങ്കച്ചുഴിയിൽ

rain
ബേപ്പൂർ പുലിമൂട്ടിന് സമീപമുണ്ടായ കടലാക്രമണം

കോഴിക്കോട്: അറബിക്കടലിന്റെ തീരത്ത് ഭീതി വിതച്ചെത്തിയ ടൗക് തേ ചുഴലിക്കാറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും കടൽ കലിതുള്ളിയതോടെ തീരം ആശങ്കച്ചുഴിയിൽ. കനത്ത കാറ്റും കടലേറ്റവും ഇന്നലെയും തീരത്തുള്ളവരുടെ ഉറക്കം കെടുത്തി. ആർത്തലച്ചെത്തിയ തിരമാലകൾ വീടുകളുടെ ഭിത്തിയും കടന്ന് അകം വരെയെത്തി. പലരും മക്കളെ മാറോട് ചേർത്ത് ഉറങ്ങാതെ നേരം പുലർത്തി. ബേപ്പൂർ, ഗോതീശ്വരം, വടകര, കൊയിലാണ്ടി മേഖലകളിൽ കടലാക്രമണം രൂക്ഷമായിരുന്നു.

തുടർച്ചയായി വെള്ളം കയറിയതോടെ തീരത്തെ നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണ്. ചില വീടുകൾ ഏത് നേരവും കടലെടുക്കുന്ന സ്ഥിതിയാണ്. തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്. അമ്പത് മീറ്ററിനകത്തുള്ള വീടുകളാണ് കൂടുതലും തകർച്ചാ ഭീഷണി നേരിടുന്നത്. വെള്ളം കയറിത്തുടങ്ങിയതോടെ മിക്ക വീട്ടുകാരും ബന്ധു വീടുകളിലേക്ക് മാറിയിരുന്നു. കടലേറ്റം കുറഞ്ഞ നേരം നോക്കി വീട്ടുസാധനങ്ങൾ മാറ്റിയവരുമുണ്ട്. കടലാക്രമണ ഭീഷണി രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും കൊവിഡ് ഭീതിയിൽ പലരും മാറി താമസിക്കാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചാലിയം , കോട്ടക്കണ്ടി, കടുക്ക ബസാർ, ബൈത്തനി നഗർ, കപ്പലങ്ങാടി, വാക്കടവ്, കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ച് എന്നിവിടങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമായിരുന്നു. ബേപ്പൂർ ബീച്ചിലെ പുളിമൂട്ട് അപകടത്തിലായി. ശക്തമായ കടലേറ്റത്തിൽ ഇവിടുത്തെ മണ്ണ് ഒലിച്ച് പോയി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായത്. വടകര അഴിയൂർ മുതൽ കുരിയാടി വരെയുള്ള നാല് കിലോമീറ്റർ ദൂരം കരിങ്കൽ ഭിത്തി തിരയടിച്ച് തകർന്നു. ഭിത്തിക്ക് പുറത്തേക്ക് തിരയടിച്ച് നൂറോളം വീടുകൾക്ക് കേടുപറ്റി. വലിയ തോതിൽ മാലിന്യങ്ങൾ തീരത്ത് അടിഞ്ഞിരിക്കുകയാണ്. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. കടലാക്രമണത്തിൽ തോണികളും ബോട്ടുകളും മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും തകർന്നതോടെ പലരും ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ്. ലോക്ക് ഡൗൺ മൂലം കടലിൽ പോകാൻ സാധിക്കാതിരുന്നത് ഇവരെ സാമ്പത്തികമായി ബാധിച്ചിരുന്നു.

എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ

കോഴിക്കോട്: മഴയും കടലാക്രമണവും ശക്തമായതോടെ കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 38 കുടുംബങ്ങളിൽ നിന്നായി 174 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. അഴിയൂർ, ഒഞ്ചിയം, മാടാക്കര ഭാഗങ്ങളിൽ നിരവധി പേരെ മാറ്റി താമസിപ്പിച്ചു.

തീരമിടിഞ്ഞ പുഴകൾ

വീഴാറായ വീടുകൾ

പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചെറുവണ്ണൂർ ഭാഗത്ത് കനത്ത മഴയിൽ പുഴയുടെ തീരമിടിഞ്ഞു. പ്രദേശത്തെ രണ്ടു വീടുകൾ ഭീഷണിയിലായതിനാൽ ഇവരെ മാറ്റി താമസിപ്പിക്കാൻ തീരുമാനിച്ചു. വീടുകൾ പുഴയിലേക്ക് പതിക്കാവുന്ന നിലയിലാണ്. പെരിഞ്ചേരി ജാഫർ, മണപ്പാടിച്ച മണ്ണിൽ അഷറഫ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. എ.ഡി എം എൻ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

ചെറുവണ്ണൂർ തീരത്ത് ബ്രിഡ്ജിനായി നിർമ്മിച്ച ബണ്ട് പൊട്ടി. മഴയിൽ വെള്ളം ഉയർന്നതാണ് തീരം ഇടിയാൻ കാരണമായത്. ബണ്ട് പൂർണ്ണമായും പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങി. കൊയിലാണ്ടി -വടകര താലൂക്കുകളെ ബന്ധിപ്പിച്ച് ഗുളികപുഴ പാലത്തിന് രണ്ട് കിലോമീറ്റർ താഴെയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്.
ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ, വൈസ് പ്രസിഡന്റ് വി.പി. പ്രവിത, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.