കൊച്ചി: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ കോടതികളും ഇ - ഫയലിംഗിലേക്ക് ചുവടുമാറിയെങ്കിലും ഇതിനോട് മുഖംതിരിച്ച് അഭിഭാഷകർ. മതിയായ പരിശീലനവും ചർച്ചകളും നടത്താതെയാണ് ഇ - ഫയലിംഗ് സംവിധാനം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ എതിർക്കുന്നത്. ലോക്ക് ഡൗൺ സാഹചര്യവും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇത് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
പുതിയ സംവിധാനം നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടിവെക്കണമെന്ന് കേരള ബാർ കൗൺസിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി. നേരിട്ട് ഹർജികൾ ഫയൽചെയ്യുന്ന പഴയ സംവിധാനം ആറുമാസംകൂടി തുടരണമെന്ന് ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികൾ ഒാൺലൈനായി സമർപ്പിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാൻ സമയംവേണമെന്ന് അഡ്വക്കേറ്റ്സ് ക്ളാർക്ക് അസോസിയേഷനും നിവേദനം നൽകി.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ലോക്ക് ഡൗൺ വന്നതോടെ കോടതികളിലേക്ക് ഇ - മെയിൽ മുഖേന ഹർജികൾ സമർപ്പിക്കാൻ സംവിധാനമൊരുക്കിയിരുന്നു. വീഡിയോ കോൺഫറൻസിംഗ് മുഖേന കേസുകൾ കേൾക്കുന്ന രീതിയും നടപ്പാക്കി. മദ്ധ്യവേനലവധിക്കുശേഷം ഇന്നലെ ഹൈക്കോടതി തുറന്നതോടെ മുഴുവൻ ബെഞ്ചുകളും വീഡിയോ കോൺഫറൻസിംഗിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ - ഫയലിംഗ് സംവിധാനം നടപ്പാക്കിയത്. ഇതിനുള്ള ചട്ടം കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |