മുൻതൂക്കം അത്ലറ്റിക്കോ മാഡ്രിഡിന്
മാഡ്രിഡ്: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇത്തവണത്തെ സ്പാനിഷ് ലാലിഗ ചാമ്പ്യൻമാരെ ഇന്ന് രാത്രി അറിയാം. ഇന്ന് നടക്കുന്ന സീസണിലെ തങ്ങളുടെ അവസാന പോരാട്ടങ്ങളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും റയൽ വല്ലഡോളിഡും തമ്മിലുള്ള മത്സരത്തിലേക്കും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡും വിയ്യാറയലും തമ്മിലുള്ള മത്സരത്തിലേക്കുമാണ് എല്ലാവരുടേയും നോട്ടം.
രണ്ട് മത്സരങ്ങളുടേയും കിക്കോഫ് ഇന്ത്യൻ സമയം രാത്രി 9.30നാണ്. അത്ലറ്റിക്കോയ്ക്കും റയൽ മാഡ്രിഡിനും ഇടയിൽ രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസമാണുള്ളത്.
വല്ലഡോളിഡിനെതിരായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ജയിച്ചാൽ 2014ന് ശേഷം അവർക്ക് ആദ്യമായി ലാലിഗ കിരീടത്തിൽ മുത്തമിടാനാകും. അതേസമയം മത്സരത്തിൽ അത്ലറ്റിക്കോ തോൽക്കുകയോ സമനിലയിൽ പിരിയേണ്ടിവരികയോ ചെയ്താൽ റയൽ മാഡ്രിഡിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും അവരുടെ കരീട സാധ്യതകൾ. അത്ലറ്റിക്കോയ്ക്ക് സമനിലയും റയലിന് വിജയവുമാണെങ്കിൽ ഇരുടീമിനും ഒരേ പോയിന്റാകുകയും റയൽ കിരീടം നിലനിറുത്തുകയും ചെയ്യും. സീസണിൽ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിലെ വിജമാണ് റയലിന് അവിടെ തുണയാകുന്നത്. റയൽ തോറ്റാലോ സമനിലയിൽപ്പിരിയുകയോ ചെയ്താലും കിരീടം അത്ലറ്റിക്കോയ്ക്ക് ഉറപ്പിക്കാം.
37 മത്സരങ്ങൾ അവസാനിച്ചപ്പോൾ അത്ലറ്റിക്കോയ്ക്ക് 83 പോയിന്റും റയലിന് 81 പോയിന്റുമാണുള്ളത്. സ്വന്തം മൈതാനത്താണ് റയൽ വിയ്യാറയലിനെ നേരിടാനിറങ്ങുന്നത്. അതേ സമയം അത്ലറ്റിക്കോയ്ക്ക് എവേ മത്സരമാണ്. എന്നാൽ ഈ സീസണിൽ ഏറെക്കുറെ തരംതാഴത്തൽ പ്രതീക്ഷിക്കുന്ന ടീമാണ് വല്ലഡോളിഡ് എന്നത് അത്ലറ്റിക്കോയുടെ ആത്മ വിശ്വാസം കൂട്ടുന്നു. എന്നാൽ അത്ലറ്റിക്കോയെ തോൽപ്പിച്ചാൽ ലാലിഗയിൽ തുടരാനുള്ള ചെറിയ സാധ്യത നിലനിൽക്കുന്നതിനാൽ അവർ മികച്ച പ്രകടനം പുറത്തെടുത്തേക്കും. 5 വിജയങ്ങൾ മാത്രമുള്ള വല്ലഡോളിഡ് 31പോയിന്റുമായി 19-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |