SignIn
Kerala Kaumudi Online
Saturday, 27 April 2024 1.51 AM IST

കണ്ടെയ്ൻമെൻ്റ് സോൺ: നിയന്ത്രണം ലംഘിച്ചാൽ കേസെടുക്കും

zone

കോട്ടയം: കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തടസപ്പെടുത്തുകയും നിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ചില തദ്ദേശ സ്ഥാപന മേഖലകളിൽ റോഡുകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും കണ്ടെയ്ൻമെൻ്റ് സോണുകളുള്ളതിനാൽ ഗതാഗത നിയന്ത്രണം അനിവാര്യമായ എല്ലാ മേഖലകളിലും ബാരിക്കേഡുകൾ നേരിട്ടു സ്ഥാപിക്കാൻ പൊലീസിന് കഴിയില്ല. അതുകൊണ്ടുതന്നെ റോഡുകൾ അടയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയും വേണ്ടതുണ്ട്.

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടരുന്നതിനും രോഗവ്യാപനം ഗണ്യമായി കുറയ്ക്കുന്നതിനും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഒഴികെയുള്ളവ അടച്ചിടുന്നത്.

പൊലീസ് അടയ്ക്കുന്ന റോഡുകൾ തുറക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ പങ്കുചേരുമ്പോൾ ക്രമീകരണങ്ങളോട് സഹകരിക്കാൻ വിമുഖത കാണിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്.
സാഹചര്യത്തിന്റെ ഗൗരവമുൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം നിർദേശിച്ചു.

 പ്രതിരോധം ശക്തമാക്കും

ടെസ്റ്റ് പോസിറ്റിവിറ്റി തുടർച്ചയായി ഉയർന്നു നിന്നിരുന്ന കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ രോഗവ്യാപന തോത് കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. അതേസമയം ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി ഗണ്യമായി ഉയർന്നു നിൽക്കുകയാണ്. ജില്ലയിൽ പോസിറ്റിവിറ്റി 40 ശതമാനത്തിനു മുകളിലുള്ള ഈ രണ്ടു പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി.

 ഓക്സിജൻ ദൗർലഭ്യം ഇല്ല

ഓക്സിജൻ വാർ റൂമിന്റെ നേതൃത്വത്തിൽ ജില്ലയിലെ കൊവിഡ് ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.


 നിബന്ധനകളോടെ പ്രവർത്തിക്കാം

ലോക് ഡൗണിൽ പുതിയതായി ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങൾ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. ജ്വല്ലറികളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയായിരിക്കും പ്രവർത്തിക്കുകയെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. അവശ്യം ജീവനക്കാരെ മാത്രം നിയോഗിച്ച് ഓൺലൈൻ/ഹോം ഡെലിവറി വ്യാപാരമാണ് നടത്തുക.

വിവാഹാവശ്യത്തിനുള്ളവർക്ക് ഒരു മണിക്കൂർ വരെ കടകളിൽ ചെലവഴിക്കാം. ഷട്ടർ പകുതി തുറന്നായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. വിവാഹാവശ്യത്തിനായി വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ അത്യാവശ്യം ആളുകൾ മാത്രമേ പോകാവൂ. വിവാഹ ആവശ്യത്തിന് അല്ലാത്തവർ യാതൊരു കാരണവശാലം നേരിട്ട് വ്യാപാര സ്ഥാപനങ്ങളിൽ പോകരുത്. ഇവർ ഓൺലൈൻ/ഹോം ഡെലിവറി സേവനം പ്രയോജനപ്പെടുത്തണം. വ്യാപാരികൾ പ്രസിദ്ധപ്പെടുത്തുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വീഡിയോ കോളിലൂടെ ഉത്പന്നങ്ങൾ കണ്ട് വാങ്ങാം.


 കൃത്യമായ ആസൂത്രണം വേണം


കൊവിഡ് സാഹചര്യത്തിൽ കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് സജ്ജമാകാൻ വകുപ്പുകൾ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണം, കൊവിഡ് രോഗികൾക്കു വേണ്ടി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അടുത്തയിടെ കനത്ത മഴ പെയ്ത ദിവസങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് സാധിച്ചതായി സമിതി വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, എ.ഡി.എം ആശ സി. ഏബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ZONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.