ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട പാവയാണ് ബാർബി. ലോകത്തെ ഏറ്റവും ശ്രദ്ധേയ വനിതകളുടെ രൂപത്തിലുള്ള ബാർബി പാവകളും ലഭ്യമാണ്. ബാർബിയുടെ ഇൻസ്പൈറിംഗ് വിമൺ കളക്ഷൻ എന്ന ആ സീരീസിലേക്ക് ഇപ്പോൾ ഹെലൻ കെല്ലറേയും അവതരിപ്പിച്ചിരിക്കുകയാണ്. കാഴ്ച ശക്തിയും കേൾവി ശക്തിയുമില്ലാതെ തന്റെ മനസാന്നിദ്ധ്യത്തിലൂടെ വൈകല്യങ്ങളെ മറികടന്ന അമേരിക്കൻ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് ഹെലൻ.
ബാർബിയുടെ നിർമ്മാതാക്കളായ മാറ്റെൽ കമ്പനി ഇൻസ്പൈറിംഗ് വിമൺ കളക്ഷനിലൂടെ ലോകത്തിന് പ്രചോദനമായി മാറിയ മറ്റ് വനിതകളെയും അവതരിപ്പിച്ചിരുന്നു. ഈ ശ്രേണിയിലെ 12ാമത്തേതാണ് ഹെലൻ കെല്ലറുടെ രൂപത്തിലുള്ള പാവ. 1882ൽ വെറും 19 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഹെലന് കാഴ്ച ശക്തിയും കേൾവി ശക്തിയും നഷ്ടമായത്.
2018ൽ ആരംഭിച്ച ഇൻസ്പൈറിംഗ് വിമൺ സീരീസിലൂടെ ബില്ലി ജീൻ കിംഗ്, സാലി റൈഡ്, മായ ആഞ്ചലോ, റോസ പാർക്ക്സ്, എല്ല ഫിറ്റ്സ്ജെറാൾഡ്, ഫ്ലോറൻസ് നൈറ്റിംഗേൽ, അമേലിയ എയർഹാർട്ട്, കാതറിൻ ജോൺസൺ, എലനോർ റൂസ്വെൽറ്റ്, സൂസൻ ബി. ആന്റണി, ഫ്രിഡ കാഹ്ലോ എന്നിവരുടെ രൂപത്തിലുള്ള ബാർബി പാവകളാണ് മാറ്റെൽ ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.
ഏകദേശം 2,200 രൂപയാണ് ഹെലൻ കെല്ലർ പാവകളുടെ വില. ബാർബി വെബ്സൈറ്റ് വഴിയും ഓൺലൈനായും പാവകൾ ലഭ്യമാണ്. ബ്രെയ്ലി ലിപിയിലുള്ള ഒരു ബുക്കും ഹെലൻ കെല്ലർ ബാർബി പാവയുടെ കൈയ്യിൽ കാണാം. 1968ൽ 87ാം വയസിലാണ് ഹെലൻ അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |