നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണത്തെ വിമർശിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്‌ദു റബ്ബ്. ജനനം മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണെന്നും പഴയ എടപ്പാൾ ഓട്ടം 'ജനം' മറക്കരുതെന്നുമായിരുന്നു അബ്ദു റബ്ബ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ പറഞ്ഞത്. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ സുകുമാരൻ എടപ്പാളിലാണ് ജനിച്ചത്. ഇതേക്കുറിച്ചാണ് അബ്ദു റബ്ബ് തന്റെ പോസ്റ്റിലൂടെ പറയുന്നതെന്നാണ് അനുമാനം.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാൾ ജംഗ്ഷനില്‍ ബൈക്കുകളിൽ റാലി നടത്തിയ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ വിരട്ടിയോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവർത്തകർ ഓടുന്ന ദൃശ്യങ്ങൾ 'എടപ്പാൾ ഓട്ടം' എന്ന പരിഹാസപ്പേരിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ കുറിച്ചാണ് അബ്‌ദു റബ്ബ് തന്റെസോഷ്യൽ മീഡിയാ പോസ്റ്റിൽ പരാമർശിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടും ദ്വീപ് ജനതയുടെ അവകാശങ്ങളെയും ജീവിതരീതികളെയും പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ നടനെതിരെ സൈബർ ആക്രമണം നടത്തിയത്. തുടർന്ന് 'ജനം' ചാനലിന്റെ ഓൺലൈൻ സൈറ്റിൽ തരംതാണ വാക്കുകൾകൊണ്ട് പൃഥ്വിരാജിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടു. ലേഖനത്തിനെതിരെ രൂക്ഷവിമർശനം ഉണ്ടാകുകയും തുടർന്ന് ചാനൽ ഈ ലേഖനം പിൻവലിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |