SignIn
Kerala Kaumudi Online
Friday, 26 April 2024 8.18 PM IST

*നിലനില്പിനായി പൊരുതി ചെറുകിട തടിമില്ലുകൾ അറുക്കവാൾ മൂർച്ചയുള്ള മരവ്യാപാരം

kk

നെടുമങ്ങാട്: നിർമ്മാണമേഖലയുടെ നെടുംതൂണായ മരാധിഷ്ഠിത വ്യവസായ സംരംഭങ്ങളും ചെറുകിട തടിയറുപ്പു മില്ലുകളും കൊവിഡിന്റെ താണ്ഡവത്തിൽ കഥാവശേഷമാകുന്നു. ഇറക്കുമതി തടികളുടെ ലഭ്യതയിലുണ്ടായ വൻ ഇടിവും പരിചയസമ്പന്നരായ തൊഴിലാളികളുടെ കുറവും ജി.എസ്.ടിയിലും ഇറക്കുമതി തീരുവയിലുമുണ്ടായ ഇരട്ടിയിലധികം വർദ്ധനയുമാണ് ഈ പരമ്പരാഗത വ്യവസായത്തിന് മരണമണി മുഴക്കുന്നത്. 18ശതമാനം ജി.എസ്.ടി നൽകിയാലേ തടി മില്ലുകൾക്ക് പ്രവർത്തനാനുമതിയുള്ളു. വൈദ്യുതി ബില്ല്, സ്ഥലവാടക, ബാങ്ക് വായ്പ്, വനം-തദ്ദേശ ഓഫീസുകളിൽ ഒടുക്കേണ്ട നികുതി, മരത്തിന്റെ വില എന്നിങ്ങനെ ഭാരിച്ച ബാദ്ധ്യതകൾ വേറെയുമുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ലൈസൻസ്, പൊല്യൂഷൻ സർട്ടിഫിക്കേറ്റ്, ഫാക്ടറി ആൻഡ് ബോയിലേഴ്സ് സർട്ടിഫിക്കേറ്റ്, വനം വകുപ്പിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. എന്നാൽ, ഗുണനിലവാരം കുറഞ്ഞ തടി വഴിയോരങ്ങളിൽ പ്രദർശിപ്പിച്ച് കുറഞ്ഞ നിരക്കിൽ തകൃതിയായി മുന്നേറുന്ന അനധികൃത കച്ചവടത്തിന് ഇതൊന്നും ബാധകവുമല്ല. ബാങ്ക് വായ്‌പയായും അല്ലാതെയും ലക്ഷങ്ങളുടെ കടബാദ്ധ്യതയ്ക്ക് നടുവിൽ നട്ടംതിരിയുന്ന അംഗീകൃത മില്ലുടമകളോടുള്ള ഈ ക്രൂരതയ്ക്ക് അധികൃതരും കൂട്ട് നിൽക്കുന്നുവെന്നാണ് പരാതി. നിർമ്മാണമേഖലയ്ക്ക് പ്രവർത്തനാനുമതി ലഭിച്ചപ്പോൾ തടിമില്ലുകളെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സാമിൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കുമാരനും ജനറൽ സെക്രട്ടറി കെ.സി.എൻ. അഹമ്മദ് കുട്ടിയും നിവേദനം നൽകി.

ഓൾ കേരള സാമിൽ ആൻഡ് ഓണേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം ചെറുതും വലുതുമായ 5,500 ഓളം തടിമില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനത്ത് 255 മില്ലുകൾ ഉള്ളതിൽ 70 ഓളം വ്യാവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരു മില്ലിൽ കുറഞ്ഞത് ഏഴ് പേർ എന്ന നിലയിൽ 35,000 തൊഴിലാളികൾ തടിമില്ലുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.

നിത്യവൃത്തിക്കും വകയില്ല

മലയോര മേഖലയായ നെടുമങ്ങാട് താലൂക്കിലാണ് കൂടുതൽ മില്ലുകൾ ഉള്ളത്. തുറസായ സ്ഥലത്താണ് മില്ലുകൾ സ്ഥിതിചെയ്യുന്നത്. ഇളവു ലഭിച്ചാൽ പ്രോട്ടോക്കോൾ പാലിച്ച് മില്ലുകൾ തുറന്ന് പ്രവർത്തിക്കാനാവും. ഉടമകൾക്ക് കടക്കെണിയിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ലെങ്കിലും ശേഷിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ നിത്യവൃത്തിക്ക് വകയായേനെ.

*ലേലം കൊള്ളുന്ന മരത്തിന് പൊന്നുംവില

മെഷീൻ വാളുകളും ഇതര യന്ത്ര സാമഗ്രികളും സജ്ജമാക്കി ആധുനിക വത്കരിച്ചതോടെ തടിമില്ലുകൾ ഫാക്ടറി ആൻഡ് ബോയിലേഴ്സ് വിഭാഗത്തിലേക്ക് മാറി. കായിക ക്ഷമത കൂടുതൽ വേണ്ട ഈ മേഖലയിൽ നിന്ന് തദ്ദേശീയ തൊഴിലാളികൾ പിന്മാറിയപ്പോൾ തമിഴ്‌നാട്, ബംഗാൾ, ഒറീസ എന്നിവിടങ്ങളിലെ പരിചയ സമ്പന്നരായ തൊഴിലാളികളായിരുന്നു നടത്തിപ്പുകാരുടെ ആശ്രയം. ആദ്യലോക് ഡൗണിൽ തന്നെ ഇതരസംസ്ഥാന തൊഴിലാളികൾ വണ്ടികയറി. ഇതോടെ, പ്രവർത്തനം നിലച്ച തടി മില്ലുകളെ ഉടമകൾ നേരിട്ട് ജോലിക്ക് ഇറങ്ങിയാണ് പുനരുജ്ജീവിപ്പിച്ചത്. പ്രതിസന്ധിക്കാലത്ത് തടിക്കച്ചവടത്തിന് ഇടവേള നൽകി തടിയറുപ്പ് മാത്രമായി ചുരുക്കിയെങ്കിലും ഇപ്പോൾ അതും നിലച്ചു. വൈലറ്റ്, പിൻഗോഡാ, പടോക് തുടങ്ങിയ വിദേശ മരങ്ങളും വനംവകുപ്പ് ലേലത്തിൽ അനുവദിക്കുന്ന തേക്ക്, ഈട്ടി, ആഞ്ഞിലി, അക്കേഷ്യ, പ്ലാവ് മുതലായ നാടൻ മരങ്ങളുമാണ് മരവ്യവസായ സംരംഭങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. നാടൻ മരങ്ങളേക്കാൾ വിലക്കുറവുള്ള വിദേശ മരങ്ങളുടെ ഇറക്കുമതി തീരുവയും ജി.എസ്.ടിയുമാണ് സർക്കാർ വർദ്ധിപ്പിച്ചത്. വൻ തുകകൾ ലേലം കൊണ്ട് വനംവകുപ്പിൽ നിന്ന് നാടൻ മരങ്ങൾ വാങ്ങാൻ ചെറുകിട, പരമ്പരാഗത യൂണിറ്റുകളിൽ പലർക്കും കഴിയാറില്ല. ലേലം കൊള്ളുന്ന മരത്തിന് പൊന്നുംവിലയാണ് വമ്പന്മാർ മില്ല് നടത്തിപ്പുകാരിൽ നിന്ന് ഈടാക്കുന്നത്.

-----------------

''മരവ്യവസായരംഗത്ത് പാരമ്പര്യമായി നടന്നുവന്ന തൊഴിൽ കൈമാറ്റ രീതി അന്യാധീനപ്പെട്ടു. കുറഞ്ഞ പലിശയ്ക്ക് പുതിയ വായ്‌പ്പകൾ അനുവദിക്കുകയും 2 കൊല്ലത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ തടിമില്ലുകളുടെ തിരിച്ചുവരവ് പ്രയാസകരമാവും""

--ദിനേശൻ, അഖില ശശികുമാർ, സജുകൃഷ്ണൻ

(ജില്ലാ ഭാരവാഹികൾ, സാമിൽ ആൻഡ് ഓണേഴ്സ് അസോസിയേഷൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEDUMANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.