SignIn
Kerala Kaumudi Online
Friday, 26 April 2024 6.52 PM IST

കോൺഗ്രസിനെ എറിയുന്ന കല്ല് സംഘപരിവാറിനെ തുണയ്ക്കും

niyamasbha-

തിരുവനന്തപുരം: കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ എൽ.ഡി.എഫ് നടത്തുന്ന ആക്രമണത്തെ ചെറുക്കാനാണ് നന്ദിപ്രമേയ ചർച്ചയിൽ നിയമസഭയിൽ കന്നിപ്രസംഗം നടത്തിയ സി.ആർ. മഹേഷ് (കരുനാഗപ്പള്ളി) തന്റെ സമയം ഉപയോഗപ്പെടുത്തിയത്. നെഹ്റുവിനെ പ്രകീർത്തിക്കുന്ന എൽ.ഡി.എഫ് അതേ രക്തമാണ് രാഹുലിനുമുള്ളതെന്ന് ഓർമ്മിക്കണം. പുരപ്പുറത്ത് കയറി പുരോഗമനം പറയുകയും ഭാര്യമാരെക്കൊണ്ട് പൂമൂടൽ നടത്തിക്കുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ ദേഹപരിശോധന നടത്തിയാൽ ഏലസ്സുകളും ചരടുകളും കാണാമെന്നും അദ്ദേഹം പരിഹസിച്ചു.

 തോമസ് കെ. തോമസ് (കുട്ടനാട് )

15 വർഷം പിണറായി വിജയൻ ഭരിക്കുമെന്ന് തന്റെ സഹോദരനും കുട്ടനാട് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടി പറഞ്ഞിരുന്നു. അടുത്ത തിര‌ഞ്ഞെടുപ്പിലും പിണറായി തന്നെ മുഖ്യമന്ത്രിയാകുമെന്നും തോമസ് പറഞ്ഞു. മഴവരുന്നതോടെ കുട്ടനാട് വീണ്ടും പ്രതിസന്ധിയിലാവുകയാണ്. രണ്ടാം കുട്ടനാട് പാക്കേജ് സർക്കാർ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

 പി. മമ്മിക്കുട്ടി (ഷൊർണൂർ)

'നീ തന്നെയാണ് നിന്റെ ശത്രു" എന്ന ചൊല്ല് യു.ഡി.എഫിന് നന്നായി യോജിക്കും. കുറുക്കനും കോഴിയും മുന്നണിയുണ്ടാക്കി എന്നു പറയുന്നതിന് തുല്യമാണ് എൽ.ഡി.എഫിനെ ബി.ജെ.പി സഹായിച്ചു എന്നു പറയുന്നത്. ബേപ്പൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലെ പഴയ യു.ഡി.എഫ് -ബി.ജെ.പി സഖ്യം ഓർമ്മയില്ലേ?‌

 പി. ബാലചന്ദ്രൻ (തൃശൂർ)

ഇന്ത്യൻ-ഗ്രീക്ക് പുരാണങ്ങളിലെ കഥകളും ഉദ്ധരണികളുമൊക്കെ യഥേഷ്ടമുപയോഗിച്ചാണ് ബാലചന്ദ്രൻ തന്റെ പാടവം പുറത്തെടുത്തത്. പത്താംക്ലാസ് തോറ്ര മകളെ ഏതെങ്കിലും കഴുതയെക്കൊണ്ട് കെട്ടിക്കുമെന്ന തന്റെ യജമാനന്റെ ശകാരം കേട്ട് ശുഭാപ്തി വിശ്വാസം പൂണ്ട കഴുതയോടാണ്, തിരിച്ചടി നേരിട്ടെങ്കിലും ശോഭനമായ ഭാവിയുണ്ടെന്ന് പറയുന്ന മുസ്ലിംലീഗിനെ ബാലചന്ദ്രൻ ഉപമിച്ചത്.

 പ്രമോദ് നാരായണൻ (റാന്നി)

കേരളകോൺഗ്രസ് അംഗമാണെങ്കിലും പഴയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പാരമ്പര്യത്തെ ഓ‌ർമ്മിച്ചു കൊണ്ടാണ് പ്രമോദ് നാരായണൻ പ്രസംഗം തുടങ്ങിയത്. ആധുനിക വൈജ്ഞാനിക സമൂഹത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ആയു‌ർവേദം വരെയുള്ള കാര്യങ്ങളിൽ കേരളത്തിന്റെ വികസന സാദ്ധ്യതയെക്കുറിച്ചും പ്രമോദ് വാചാലനായി.

ടി.ഐ. മധുസൂദനൻ (പയ്യന്നൂർ)

നയപ്രഖ്യാപനത്തിലെന്താണ് ഉള്ളത് എന്ന യു.ഡി.എഫ് ചോദ്യത്തിന് ബദലായി എന്താണില്ലാത്തതെന്ന മറുചോദ്യമായിരുന്നു ടി.ഐ. മധുസൂദനന്റേത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയം ഒന്നുതന്നെയാണ്. സി.പി.എം ആക്രമണത്തെക്കുറിച്ച് പറയുന്നവർക്ക് മറുപടിയായി സി.പി.എമ്മുകാർ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പട്ടിക പുറത്തുവിടാനാണ് മധുസൂദനൻ കൂടുതൽ സമയം ചെലവഴിച്ചത്.

 കാനത്തിൽ ജമീല (കൊയിലാണ്ടി)

പ്രതിപക്ഷം ദുരന്തങ്ങളിലാണ് പ്രതീക്ഷയർപ്പിച്ചത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് അവർ ശ്രമിച്ചത്. കുടുംബശ്രീയെ തകർക്കാനായി കോൺഗ്രസ് 'ജനശ്രീ" കൊണ്ടുവന്നെങ്കിലും ജനം തള്ളിക്കളഞ്ഞു. ജനങ്ങളാണ് തങ്ങളെ ജയിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.