SignIn
Kerala Kaumudi Online
Monday, 18 May 2026 8.21 PM IST

കുഴല്‍പ്പണ കേസ് നിഷ്‌പക്ഷമായി അന്വേഷിച്ചാൽ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കും; ആ തന്‍റേടം മുഖ്യമന്ത്രി കാണിക്കുമോയെന്ന് കെ മുരളീധരൻ

muraleedharan

​​​​​തിരുവനന്തപുരം: കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്‌ടര്‍ വാടക കാണിച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. മൂന്ന് കോടി വരെ ഓരോ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് ഇരുപത്തിയഞ്ചും മുപ്പതും ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണം ഉൾപ്പടെയുള്ള സാമ്പത്തിക തിരിമറികള്‍ ബി ജെ പിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ പറഞ്ഞു.

കുഴല്‍പ്പണ കേസിൽ നിഷ്‌പക്ഷമായ അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കും. ആ തന്‍റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണം. ഒരാളും രക്ഷപ്പെടാത്ത രീതിയില്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ ഡി എഫും യു ഡി എഫുമല്ല കുഴല്‍പ്പണ ആരോപണം ഉന്നയിച്ചത്. ജാനുവിനെ പത്ത് ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം. സുരേന്ദ്രന്‍ വികാരാധീനനായിട്ട്‌ കാര്യമില്ല. ആ പാര്‍ട്ടി മൊത്തം സംശയത്തിന്‍റേ നിഴലിലാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതില്‍ സംശയമുണ്ട്. ചില അന്തര്‍ധാരകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്‌ത ഒരു പ്രമുഖ ജഡ്‌ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികള്‍ ഒഴുക്കിയാണ് ബി ജെ പി പ്രചാരണം നടത്തിയത്. രണ്ടാം കൊവിഡ് തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിന്‍റെ മുഖ്യകാരണം മോദിക്കും അമിഷ് ഷായ്ക്കും എന്തുവിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കൊവിഡ് തടയുന്നതില്‍ താത്പര്യമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയത്.

അവിടുത്തെ നേതാക്കള്‍ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാല്‍ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോള്‍ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാര്‍ഗമടക്കം അന്വേഷിക്കേണ്ടതാണാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALEEDHARAN, KSURENDRAN, BJP, NARENDRA MODI, PINARAYI VIJAYAN, CPM, BJP MP, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA