വിശാഖപട്ടണം: നാലു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ഐ.എൻ.എസ് സന്ധായക് വിശാഖപട്ടണം നേവൽ ഡോക് യാർഡിൽ ഡീകമ്മീഷൻ ചെയ്തു.
ഇന്ത്യൻ ഉപദ്വീപിലെ പടിഞ്ഞാറൻ - കിഴക്കൻ തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സർവേകൾ കപ്പൽ പൂർത്തീകരിച്ചു.
1987ൽ ശ്രീലങ്കയിലെ ഓപ്പറേഷൻ പവൻ, 2004ലെ ഓപ്പറേഷൻ റെയിൻബോ, 2019ലെ ഇന്തോ-യു.എസ് എച്ച്.എ.ഡി.ആർ പരിശീലനം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളിലും സന്ധായക് പങ്കാളിയായി.
@ ഏറ്റവും പഴക്കമുള്ളത്
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എട്ട് സർവേ കപ്പലുകളിൽ ഏറ്റവും പഴക്കമുള്ളതാണ് സന്ധായക്. കൊൽക്കത്ത കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച കപ്പൽ 1981 മാർച്ച് 14ന് രാഷ്ട്രത്തിന് സമർപ്പിച്ചു.
@ ആധുനിക സംവിധാനങ്ങൾ
മൾട്ടി-ബീം സ്വാത്ത് എക്കോ സൗണ്ടിംഗ് സിസ്റ്റം, ഡിഫറൻഷ്യൽ ജിപി.എസ്, മോഷൻ സെൻസറുകൾ, സീ ഗ്രാവിമീറ്റർ, മാഗ്നെറ്റോമീറ്റർ, ഓഷ്യാനോഗ്രാഫിക് സെൻസറുകൾ, സൈഡ് സ്കാൻ സോണാറുകൾ, ഓട്ടോമേറ്റഡ് ഡാറ്റ ലോഗിംഗ് സിസ്റ്റം, സൗണ്ട് വെലോസിറ്റി പ്രൊഫൈലിംഗ് സിസ്റ്റം, ഡിജിറ്റൽ സർവേ, പ്രോസസിംഗ് സിസ്റ്റം ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ കപ്പലിലുണ്ട്.
നാലു സർവേ മോട്ടോർ ബോട്ടുകൾ, രണ്ട് ചെറിയ ബോട്ടുകൾ, ഹെലികോപ്റ്റർ ഡെക്ക്
ഡീസൽ എഞ്ചിനുകൾ
ഉയർന്ന വേഗത 16 നോട്ടിക്കൽ മൈൽ
സ്വയം പ്രതിരോധത്തിനായി ബോഫോഴ്സ് 40 എം.എം തോക്കും ഘടിപ്പിച്ചിട്ടുണ്ട്
ഐ.എൻ.എസ് നിർദ്ദേശക്, ഐ.എൻ.എസ് നിരൂപക്, ഐ.എൻ.എസ് ഇൻവെസ്റ്റിഗേറ്റർ, ഐ.എൻ.എസ് ജമുന, ഐ.എൻ.എസ് സത് ലജ്, ഐ.എൻ.എസ് ദർശക്, ഐ.എൻ.എസ് സർവേശക് എന്നിവയാണ് നിലവിൽ സേവനത്തിലുള്ള സർവേ കപ്പലുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |