തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. മെഡിക്കൽ കോളജിൽ നടന്ന അഭിമുഖ പരീക്ഷയിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
ലോക്ക് ഡൗണും കർശനമായ കൊവിഡ് നിയന്ത്രണങ്ങളും നിലനിൽക്കെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഭിമുഖ പരീക്ഷയ്ക്കായി തിക്കും തിരക്കും അനുഭവപ്പെട്ടത്.
നഴ്‌സിംഗ്, ട്രെയിനിംഗ് സ്റ്റാഫ് അടക്കമുള്ള തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖമാണ് നടന്നത്. പതിനൊന്ന് മണിക്ക് എത്താനായിരുന്നു നിർദേശമെങ്കിലും രാവിലെ ആറ് മണിക്ക് തന്നെ ആളുകൾ എത്തിതുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് പരിസരം ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞു. സംഭവം വിവാദമായതോടെ അഭിമുഖം നിർത്തിവച്ചു.
കഴിഞ്ഞ തവണ നടത്തിയ ഇൻ്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇൻ്റർവ്യൂ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുതായി 110 ഐ സി യു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്. മാറ്റി വച്ച ഇൻ്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |