തൃശൂർ: വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോവേണ്ടി വന്നത് കണ്ടുനിന്ന പലരുടേയും കണ്ണു നനയിച്ചു. മറ്റൊരിടത്തുമല്ല, തൃശൂർ മണലൂരിലാണ് സംഭവം. മണലൂർ പഞ്ചായത്തിലെ ചാത്തൻ കുളങ്ങര മാധവന്‍റെ മൃതദേഹമാണ് വീട്ടിൽ നിന്ന് വാഹനത്തിലെത്തിക്കാൻ പെടാപാട് പെട്ടത്.
മാധവന്‍റെ വീട്ടിലേക്ക് റോഡിൽ നിന്നുള്ള വഴിക്ക് വീതി ഒന്നര അടി മാത്രമാണുളളത്. വഴിയുടെ വീതി കൂട്ടാൻ മാധവൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മാധവൻ മരിച്ചത്. അയൽ വാസിയുമായി സംസാരിച്ച് വഴി വീതി കൂട്ടാൻ നാട്ടുകാരും ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ബന്ധുക്കളും മൃതദേഹം പുറത്തെത്തിച്ചത്. ഗത്യന്തരമില്ലാതായതോടെയാണ് കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിച്ചത്.
രോഗശയ്യയിലായിരുന്ന മാധവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നതും ഈ കമ്പിവേലി താണ്ടിയാണ്. വഴിക്ക് വേണ്ടിയുളള ശ്രമം തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നടക്കാനുള്ള സ്ഥലമെങ്കിലും കുടുംബത്തിന് ഉറപ്പു വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |