SignIn
Kerala Kaumudi Online
Friday, 26 April 2024 11.54 PM IST

പരിഷ്കരിക്കണമെന്ന് തീരവാസികൾ, എങ്ങുമെത്താതെ പുനർഗേഹം പദ്ധതി

punargeham

കൊച്ചി: കടൽക്ഷോഭം അതിരൂരക്ഷമായ തീരദേശത്ത് പ്രാണഭീതിയോടെ താമസിപ്പിക്കുന്നവരെ മാറ്റിപ്പാർക്കാൻ പ്രഖ്യാപിച്ച 'പുനർഗേഹം പദ്ധതി' നടപ്പാക്കുന്നത് ഇഴയുന്നു. പുനരധിവാസത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന തടസം. പദ്ധതി നടത്തിപ്പിൽ പുനരാലോചന വേണമെന്ന നിർദേശം മത്സ്യത്തൊഴിലാളികളിൽ നിന്നുയർന്നു.

എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിനിലെ പഴങ്ങാട് മേഖലകളിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ 1200 വീടുകൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. മുഴുവൻപേരെയും പുനരധിവസിപ്പിക്കാൻ 20 ഏക്കർ സ്ഥലം ആവശ്യമുണ്ട്. 1.90 ഏക്കർ സ്ഥലമാണ് ഇതുവരെ ലഭിച്ചത്. 140 കുടുംബങ്ങൾ മാറാൻ സന്നദ്ധത അറിയിച്ചു. ബാക്കി സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പദ്ധതി ഇങ്ങനെ

തീരത്ത് വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. 2020 ജനുവരിയിൽ പുറത്തിറക്കിയ ഉത്തരവുപ്രകാരം മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്ത് പൂർത്തീകരിക്കും. ആദ്യഘട്ടത്തിൽ 8,487 ഉം രണ്ടും മൂന്നും ഘട്ടങ്ങളിൽ 5,099 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. 2021 ൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2,450 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചത്.

പേടിക്കാതെ ഉറങ്ങാൻ വീട്

വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ സ്വന്തം വീടള്ളവരെ മാറ്റിപ്പാർപ്പിക്കും. വീടോ ഫ്ളാറ്റോ സ്വീകരിക്കാം. വീട് ലഭിക്കുമ്പോൾ സ്ഥലം ഉപേക്ഷിക്കണം. 5 സെന്റിന് മുകളിലുണ്ടെങ്കിൽ കൃഷിക്ക് ഉപയോഗിക്കാം. നിർമ്മാണം അനുവദിക്കില്ല. മാറാൻ തയ്യാറായാൽ ഗുണഭോക്താവിന് സ്ഥലം വാങ്ങാനും വീടുണ്ടാക്കാനും 10 ലക്ഷം രൂപ വരെ ലഭിക്കും. സ്ഥലവില, രജിസ്‌ട്രേഷൻ ഫീ, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തുകൂലി എന്നിവയ്ക്ക് ആറ് ലക്ഷവും വീടുണ്ടാക്കാൻ നാല് ലക്ഷവും ഉൾപ്പെടെയാണ് 10 ലക്ഷം രൂപ ലഭിക്കുക. ഗുണഭോക്താക്കൾ കൈവിട്ട സ്ഥലത്ത് മരങ്ങൾ വച്ചുപിടിപ്പിച്ച് സർക്കാർ ഹരിതകവചമുണ്ടാക്കും.

വ്യവസ്ഥകളിൽ കടുത്ത ആശങ്ക

തീരനിയന്ത്രണ വിജ്ഞാപനപരിധിക്ക് പുറത്ത് സ്ഥലം കണ്ടെത്തി 10 ലക്ഷം രൂപയ്ക്ക് വീടുണ്ടാക്കുക അപ്രായോഗികമാണ്. തീരദേശങ്ങളിലെ സ്ഥലവില ഉയർന്നതാണ്.

കൈവിടുന്ന സ്ഥലം സംബന്ധിച്ച സത്യവാങ്മൂലത്തിൽ പരിത്യജിക്കൽ, റിലിങ്ക്വിഷ്, സറണ്ടർ എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്. ഭൂമി പൂർണമായും സർക്കാരിന് നൽകണമെന്നാണ് അതിനർത്ഥം.

അഞ്ചു സെന്റിന് മുകളിലുള്ളവർക്ക് കൃഷിക്ക് അവസരം നൽകും. അഞ്ചിൽ താഴെയുള്ളവർക്ക് അവസരമില്ലാത്തത് ഒരേ പ്രദേശത്തുള്ളവരോട് വിവേചനമാണെന്ന് പരാതിയുണ്ട്.

തീരനിയന്ത്രണ വിജ്ഞാപനപ്രകാരം വീടുകൾ നിബന്ധനകളടെ പുതുക്കിപ്പണിയാം. നിബന്ധനകൾ പാലിച്ച് ഹോംസ്റ്റേകൾ നടത്താം. സ്ഥലം കൈവിട്ടാൽ ഇവയ്ക്ക് അനുമതി ലഭിക്കില്ല.

സർക്കാരിന് സ്വന്തമാകുന്ന സ്ഥലം ഭാവിയിൽ സർക്കാർ, സ്വകാര്യ ഏജൻസികൾക്കോ മറ്റ് പദ്ധതികൾക്കോ കൈമാറില്ലെന്ന് വ്യവസ്ഥയില്ല.

മാറിതാമസിക്കാൻ തയ്യാറാകാത്തവർക്ക് കടൽക്ഷോഭത്തിൽ സ്ഥലത്തിനും വീടിനുമുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ ധനസഹായത്തിന് അർഹതയുണ്ടാവില്ലെന്ന് വ്യവസ്ഥയുണ്ട്. നിർബന്ധപൂർവം മാറ്റുന്നതാണ് ഈ വ്യവസ്ഥ.

സമവായം വേണം

ഗുണഭോക്താക്കളുമായി സമവായത്തിലെത്തി പദ്ധതി നടപ്പാക്കണം. തീരവാസികളെ തീരത്തു നിന്ന് മാറ്റിയതുകൊണ്ട് കടൽക്ഷോഭം ഇല്ലാതാകില്ല. തീരസംരക്ഷണ നടപടികളിൽനിന്ന് ഒഴിയാനുമാകില്ല.

അഡ്വ. ഷെറി ജെ. തോമസ്,ജനറൽ സെക്രട്ടറി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

തൊഴിലിനെ ബാധിക്കരുത്

പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. തീരമേഖലയിൽ നിന്ന് ദൂരേയ്ക്ക് മാറിയാൽ ജീവനോപാധി നഷ്ടമാകുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്. തൊഴിലിനെ ബാധിക്കാതെ പരമാവധി അടുത്ത് സൗകര്യം നൽകണം.

ചാൾസ് ജോർജ്,പ്രസിഡന്റ്,മത്സ്യത്തൊഴിലാളി ഐക്യവേദി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PUNARGEHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.