SignIn
Kerala Kaumudi Online
Saturday, 27 April 2024 9.21 AM IST

കൊവിഡ് ഭീതി: ബാങ്കുകളിൽ നോട്ടുകൾക്ക് അപ്രഖ്യാപിത വിലക്ക്

note

തൃശൂർ: കൊവിഡ് പകരുമെന്ന ഭീതിയിൽ പൊതുമേഖലാ ബാങ്കുകളുടെ ശാഖകളിലുൾപ്പെടെ നോട്ടുകൾ സ്വീകരിക്കുന്നതിന് ജീവനക്കാർ വൈമുഖ്യം കാണിക്കുന്നതായി പരാതി. പരാതിപ്പെടുന്നവരോട് കൊവിഡാണ് കാരണമായി പറയുന്നത്. എന്നാൽ വലിയ തുകകൾ നിക്ഷേപിക്കാനെത്തുന്നവരിൽ നിന്ന് ബാങ്കുകൾ യഥേഷ്ടം നോട്ടുകൾ സ്വീകരിക്കുന്നുമുണ്ട്. ചെറുകിട ഇടപാടുകാരെത്തുമ്പോൾ നോട്ടുകൾ സ്വീകരിക്കാനാകില്ലെന്നാണ് അറിയിക്കുന്നത്. ബാങ്കിന്റെ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ (സി.ഡി.എമ്മിൽ) നോട്ടുകൾ നിക്ഷേപിക്കാനാണ് ജീവനക്കാർ നൽകുന്ന നിർദ്ദേശം. എന്നാൽ സി.ഡി.എമ്മുകൾ വായു സഞ്ചാരം കുറഞ്ഞവയായതുകൊണ്ടും പ്രതിദിനം നിരവധി പേർ വന്നുപോകുന്നതിനാലും പലരും അതിനുള്ളിൽ കയറാറില്ല. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ എ.ടി.എം കാർഡുപയോഗിച്ചുള്ള ആർ.ടി.ജി.എസ് സേവനവും പല ബാങ്ക് ശാഖകളിലുമില്ല. കൊവിഡ് വന്നതോടെ സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയാണ് ബാങ്ക് ശാഖകളിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിക്കുന്നത്. ലോക് ഡൗൺ കാരണം ചില ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകളുടെ പ്രവർത്തനം. ബാങ്ക് ജീവനക്കാർ മാസ്‌ക്കും കൈയ്യുറകളും ധരിച്ചാണ് ജോലി ചെയ്യുന്നത്. കറന്റ് നിക്ഷേപങ്ങളുള്ളവരെയും ചെറുകിട നിക്ഷേപങ്ങളുള്ളവരെയും ബാങ്ക് നിലപാട് ഏറെ ബാധിക്കുന്നുണ്ട്.

പ്രായമായവർക്ക് വെല്ലുവിളി

പ്രായമായ മിക്കവർക്കും എ.ടി.എം, സി.ഡി.എം പ്രവർത്തനങ്ങളെപ്പറ്റി വലിയ അറിവില്ല. പെൻഷൻ തുക നിക്ഷേപിക്കാനും മറ്റുമായെത്തുന്ന ഇത്തരം വയോധികർക്കാണ് ബാങ്ക് ജീവനക്കാരുടെ നിലപാട് വലിയ പ്രയാസം സൃഷ്ടിക്കുന്നത്. ഇത്തരക്കാരോടും നോട്ടുകൾ സ്വീകരിക്കാനാകില്ലെന്ന നിലപാടാണ് മിക്കപ്പോഴും ബാങ്ക് ജീവനക്കാർ സ്വീകരിക്കുന്നത്. ഇതുമൂലം വയോധികരായ പലർക്കും അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാകുന്നില്ല. എ.ടി.എം, സി.ഡി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കുവാൻ അവലംബിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങളില്ലാത്തതും ഇവർക്ക് വിലങ്ങുതടിയാകുന്നു. പലരും മറ്റാരുടെയെങ്കിലും സഹായത്തോടെയാണ് സി.ഡി.എം വഴി പണം നിക്ഷേപിക്കാറ്.

എ.ടി.എം, സി.ഡി.എം മെഷീനുകളിൽ മിക്കതും വൃത്തിഹീനം

ബാങ്കുകളുടെ എ.ടി.എം, സി.ഡി.എം മെഷീനുകളിൽ ഭൂരിഭാഗവും വൃത്തിഹീനവും കാര്യക്ഷമമായി പ്രവർത്തിക്കാത്തവയുമാണ്. കൊവിഡ് കാലത്തും മിക്ക എ.ടി.എം, സി.ഡി.എം കൗണ്ടറുകളിലും സാനിറ്റൈസർ പോലും നിറച്ചുവയ്ക്കാറുമില്ല. കൊവിഡ് കാരണം എ.ടി.എം കൗണ്ടറുകൾ മിക്കതും കൃത്യമായി ശുചീകരിക്കുന്നില്ല. മഴ ശക്തിപ്പെട്ടതോടെ എ.ടി.എം, സി.ഡി.എം കൗണ്ടറുകൾ മിക്കതും പ്രവർത്തനരഹിതമാണ്.

ചില നോട്ടുകൾ സി.ഡി.എമ്മിലെടുക്കില്ല

2000, 500, 100 രൂപകളുടെ ചില നോട്ടുകൾ എത്ര ശ്രമിച്ചാലും കാഷ് ഡെപ്പോസിറ്റ് മെഷീനുകളെടുക്കില്ല. 2000 നോട്ട് അച്ചടി നിറുത്തിയതോടെ മിക്ക സി.ഡി.എമ്മുകളിലും അത് നിക്ഷേപിക്കാനാകാറില്ല. 500, 100 എന്നിവയുടെ ചില ഫോർമാറ്റിലുള്ള നോട്ടുകൾ എത്ര തന്നെ ശ്രമിച്ചാലും സി.ഡി.എമ്മുകൾ സ്വീകരിക്കാറില്ല. 100 രൂപയിൽ കുറവുള്ള തുകകൾ സി.ഡി.എമ്മിൽ നിക്ഷേപിക്കാനുമാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.