SignIn
Kerala Kaumudi Online
Saturday, 27 April 2024 8.04 AM IST

ഗുരുപൗർണമി :ശ്രീനാരായണ ഗുരുവിന് എസ്. രമേശൻനായരുടെ കാണിക്ക

gurupournami

കൊച്ചി: മലയാളത്തിൽ കാവ്യസാഹിതിയുടെ കാലം അസ്തമിച്ചുതുടങ്ങുമ്പോഴാണ് കവി. എസ്. രമേശൻ നായർ ശ്രീനാരായണഗുരുദേവ ചരിത്രം 'ഗുരുപൗർണമി' എന്നപേരിൽ മഹാകാവ്യമായി സൃഷ്ടിച്ചത്. നാൽപ്പതിലേറെ വർഷം ഗുരുദേവ ചൈതന്യത്തിന്റെ സ്വാധീനവലയത്തിൽ ആകൃഷ്ടനായി അനുധാവനം ചെയ്തും ഉൾക്കൊള്ളാൻ കൊതിച്ചും ആർജിച്ചതൊക്കെ വരുംതലമുറകൾക്കുവേണ്ടി പകർന്നുവച്ച ആ കാവ്യശില്പം യഥാർത്ഥത്തിൽ രമേശൻ നായർ എന്ന ഉപാസകൻ ഗുരുവിന് സമർപ്പിച്ച പാദകാണിക്കയായിരുന്നു. 'ഇതൊരു സ്വർണനാണയമാണെങ്കിൽ അതും ഗുരുവിന്, കള്ളനാണയമാണെങ്കിൽ അതും ഗുരുവിന് എന്നായിരുന്നു കവി ആമുഖക്കുറിപ്പിൽ എഴുതിയത്'.

ഗുരുപൗർണമി വെറുമൊരു കാവ്യമല്ല, ജീർണാവസ്ഥയിൽനിന്ന് വർത്തമാനസമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണെന്നും അത് അദ്വൈതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്കാരമാണെന്നുമായിരുന്നു ഭാരതീയ വിചാരകേന്ദ്രം മുൻ ഡയറക്ടർ പി. പരമേശ്വരന്റെ വിലയിരുത്തൽ. ഒ.എൻ.വി കുറുപ്പ്, മഹാകവി അക്കിത്തം, ടി. പത്മനാഭൻ, ഡോ.എം. ലീലാവതി, പ്രൊഫ. തുറവൂർ വിശ്വംഭരൻ, പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, ഡോ. അമ്പലപ്പുഴ ഗോപകുമാർ തുടങ്ങി നിരവധി കവികളും സാഹിത്യകാരന്മാരും ഗുരുപൗർണമിക്ക് ആസ്വാദനക്കുറിപ്പ് എഴുതിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളസമൂഹത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കാവ്യസൃഷ്ടിയും ഇല്ലെന്നായിരുന്നു ആസ്വാദനക്കുറിപ്പുകളുടെ ആകെ ഉള്ളടക്കം.

'നാവെന്തിനുതന്നു ഭഗവാൻ

നാരായണനാമം പാടാൻ

കാതെന്തിനുതന്നു ഭഗവാൻ

നാരായണഗീതം കേൾക്കാൻ

കണ്ണെന്തിനുതന്നു ഭഗവാൻ

നാരായണരൂപം കാണാൻ....''

നിരവധി ചലച്ചിത്രഗാനങ്ങളുടെ കർത്താവ് കൂടിയായ എസ്. രമേശൻ നായരുടെ ഈശ്വരഭക്തി ജ്വലിക്കുന്ന ഈ ചെറുകവിതയിലെ നാരായണൻ അദ്ദേഹം ഏറെ ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനോ അതോ എന്നും ഉപാസിച്ച നാരായണഗുരുവോ എന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരംകൂടിയാണ് 'ഗുരുപൗർണമി'.

കന്നിപ്പൂക്കൾ, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉർവശിപൂജ, അഗ്രേപശ്യാമി, അളകനന്ദ, ജന്മപുരാണം, സൂര്യഹൃദയം, സരയൂതീർത്ഥം, സ്വാതിമേഘം, ഭാഗപത്രം, ചരിത്രത്തിന് പറയാനുള്ളത്, ഗ്രാമക്കുയിൽ, ഗുരുപൗർണമി, ഉണ്ണി തിരിച്ചുവരുന്നു എന്നിവയാണ് രമേശൻ നായർ രചിച്ച പ്രധാനകൃതികൾ. ഇതിനുപുറമെ 150 ൽ ഏറെ ചിത്രങ്ങൾക്ക് ഗാനങ്ങളും പൂമുഖവാതിൽക്കൽ, ഓ പ്രിയേ, മഞ്ഞുപോലെ, ഹരിവരാസനം, പുഷ്പാഞ്ജലി, വനമാല തുടങ്ങിയ ഗാനസമാഹാരങ്ങൾ, ബാലസാഹിത്യകൃതികൾ, നാടകം, വിവർത്തനം തുടങ്ങി സാഹിത്യത്തിന്റെ സമസ്തമേഖലയിലും കൈയ്യൊപ്പ് ചാർത്തിയാണ് കവി എസ്. രമേശൻ നായർ വിടവാങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, S RAMESHAN NAIR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.