ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) സ്വകാര്യവത്കരണം വേഗത്തിലാക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ചട്ടത്തിൽ ഇളവിന് കേന്ദ്രസർക്കാർ നീക്കം. നിലവിൽ ഓട്ടോമാറ്റിക് മാർഗത്തിലൂടെ പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയിൽ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം മാത്രമാണ് അനുവദനീയം.
കേന്ദ്ര ഓഹരികൾ വിറ്റൊഴിയാൻ കേന്ദ്രസർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ച കമ്പനികളിൽ ഓട്ടോമാറ്റിക് മാർഗത്തിലൂടെ 100 ശതമാനം എഫ്.ഡി.ഐയ്ക്ക് അനുമതി നൽകണമെന്ന കരട് നയം കേന്ദ്ര കാബിനറ്റിലെ മന്ത്രിതല സമിതിക്ക് മുന്നിൽ വാണിജ്യ-വ്യവസായ മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. പെട്രോളിയം, പ്രകൃതിവാതക മേഖലകളെയാണ് കരട്നയത്തിൽ പരാമർശിക്കുന്നത്. മന്ത്രിതല സമിതിയുടെ അനുമതി കിട്ടിയാൽ ബി.പി.സി.എൽ ഓഹരി വിറ്റൊഴിയൽ വേഗത്തിലാകും.
സർക്കാരിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ബി.പി.സി.എല്ലിലുള്ളത്. നിലവിൽ മൂന്ന് കമ്പനികൾ ബി.പി.സി.എല്ലിലെ സർക്കാർ ഓഹരികൾക്കായി രംഗത്തുണ്ട്. ഖനന, എണ്ണമേഖലകളിൽ സാന്നിദ്ധ്യമുള്ള വേദാന്ത, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് ഉൾപ്പെടെ രണ്ട് ആഗോള നിക്ഷേപക ഫണ്ടുകൾ എന്നിവയാണവ.
സർക്കാരിന് വലിയ ലക്ഷ്യം
കഴിഞ്ഞവാരം വ്യാപാരം അവസാനിച്ചപ്പോൾ ബി.പി.സി.എൽ ഓഹരി വില 472.35 രൂപയാണ്. ഇതുപ്രകാരം നിലവിൽ ഓഹരി വില്പന നടന്നാൽ സർക്കാരിന് 50,000 കോടി രൂപയ്ക്കുമേൽ ലഭിക്കും. സർക്കാർ ഓഹരികൾ ഏറ്റെടുക്കുന്ന നിക്ഷേപകർ ഓപ്പൺ ഓഫറിലൂടെ പൊതു നിക്ഷേപകരിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 25,000 കോടി രൂപയ്ക്കുമേൽ വരും.
നുമാലിഗഢ് ഇല്ല
മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതിൽ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി. 15,177 പെട്രോൾ പമ്പുകളുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,011.
15.33%
ബി.പി.സി.എല്ലിനെ സ്വന്തമാക്കുന്ന കമ്പനിക്ക് ഇന്ത്യയുടെ ഇന്ത്യയുടെ എണ്ണ റിഫൈനിംഗ് രംഗത്ത് 15.33 ശതമാനവും എണ്ണ വിതരണ രംഗത്ത് 22 ശതമാനവും പങ്കാളിത്തമാണ് ലഭിക്കുക.
₹9,876 കോടി
നുമാലിഗഢ് റിഫൈനറി ഏറ്റെടുക്കാൻ അസം സർക്കാർ, ഓയിൽ ഇന്ത്യ, എൻജിനിയേഴ്‌സ് ഇന്ത്യ എന്നിവ രംഗത്തുണ്ട്. 9,876 കോടി രൂപയ്ക്ക് ഇവ റിഫൈനറി ഏറ്റെടുക്കുമെന്നാണ് സൂചന.
₹1.75 ലക്ഷം കോടി
നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഉന്നമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |