തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ചുമതലയിൽ നിന്നും കേന്ദ്രസർക്കാർ കൈ കഴുകിയിരിക്കുകയാണെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. ഇന്ത്യയിൽ നിലവിലുള്ള ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവർക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിന് ബാദ്ധ്യതയുണ്ട്. ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വേണ്ടിയാണ് ദുരന്തനിവാരണ നിധിയുള്ളത്. അതിലൊരു ഭാഗം സംസ്ഥാനങ്ങൾക്കു ഫോർമുലയുടെ അടിസ്ഥാനത്തിൽ വർഷംതോറും വീതം വയ്ക്കുന്നു. ഇതു കവിഞ്ഞു പ്രത്യേക ദുരന്തങ്ങൾ എന്തെങ്കിലും വന്നാൽ കേന്ദ്രം അധികമായി പണം അനുവദിക്കുകയും ചെയ്യും. ഇത്തരത്തിൽ ദുരന്തനിവാരണ നിധിയിൽ നിന്നും കോവിഡ് ഇരകൾക്കു നൽകാൻ കഴിയില്ല എന്നാണ് സുപ്രീംകോടതിയിലെ കേസിൽ കേന്ദ്രസർക്കാർ അഫിഡവിറ്റ് നൽകിയതെന്നും ഐസക് പറയുന്നു.
ഇതിനുള്ള ന്യായം വളരെ വിചിത്രമാണ്. പ്രകൃതി ദുരന്തം എന്നു പറഞ്ഞാൽ ഒറ്റത്തവണയായി ഉണ്ടാകുന്ന ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ പോലുള്ള ഒന്നല്ല. ഈ പകർച്ചവ്യാധി ഒരു വർഷമായി തുടരുകയാണ്. ഇനിയും നീണ്ടുപോയേക്കാം. അതുകൊണ്ടു നിയമത്തിൽ പറയുന്ന ദുരന്തമായി ഇതിനെ കണക്കാക്കാനാവില്ല. ഇനി നാളെ വെള്ളപ്പൊക്കം ഏതാനും ദിവസത്തിൽ തീരാതെ ഒരു മാസം നീണ്ടാൽ അതു ദുരന്തപ്പട്ടികയ്ക്കു പുറത്താകുമോ? മാത്രമല്ല, സർക്കാരിന്റെ കൈയ്യിൽ പണവുമില്ലപോലും. നാലുലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നൽകാൻ തുനിഞ്ഞാൽ ദുരന്തനിവാരണ നിധിയിലെ മുഴുവൻ പണവും തീരും. ശുദ്ധനുണയാണിത്.
ഇപ്പോൾ 3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവർക്ക് നാലുലക്ഷം രൂപവച്ച് നൽകിയാൽ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്. ഇനി കൃത്യമായ കണക്ക് ഉണ്ടാക്കിയാൽ മരണപ്പെട്ടവരുടെ എണ്ണം പത്തുലക്ഷം വരുമെന്നാണ് പറയുന്നത്. അവർക്കു മുഴുവൻ നഷ്ടപരിഹാരം നൽകിയാലും 40,000 കോടി രൂപയേ വരൂ. ഈ ഭാരം താങ്ങാൻ തങ്ങൾക്കു കെൽപ്പില്ലെന്നാണ് ഒരു വെളിപാടിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾക്കു 1.5 ലക്ഷം കോടി രൂപ നികുതിയിളവു നൽകിയവർ കേഴുന്നത്.
ഇന്നത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളൊക്കെ കടം വാങ്ങിയും നോട്ട് അച്ചടിച്ചും ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കുകയാണ്. കേന്ദ്ര സർക്കാരിന് ഈ തുക കണ്ടെത്തുന്നത് ഒരു ബാലികേറാമലയേ അല്ല. ദുരന്തനിവാരണ നിയമ പ്രകാരം നൽകേണ്ട നഷ്ടപരിഹാരം നൽകുകതന്നെ വേണം. സുപ്രിംകോടതി എക്സിക്യുട്ടീവിന്റെ ഭരണനിർവ്വഹണ അവകാശങ്ങളിൽ ഇടപെടരുതെന്നാണ് കേന്ദ്രം പറയുന്നത്. എക്സിക്യുട്ടീവ് ആയാലും ആരായാലും നിയമം അനുസരിച്ചുവേണം ഭരണം. നിയമത്തെ ദുർവ്യഖ്യാനം ചെയ്യാൻ കേന്ദ്രസർക്കാരിനെ കോടതി അനുവദിക്കരുതെന്നും ഐസക് ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |