തിരുവനന്തപുരം: എൻജിനീയറായി ജോലി കിട്ടിയാണ് പൂവച്ചൽ ഖാദർ കോഴിക്കോട്ട് എത്തിയതെങ്കിലും ആനുകാലികങ്ങളിലെഴുതിയ കവിതകളാണ് രാഘവൻ മാസ്റ്ററുടെ മുന്നിലെത്താൻ നിമിത്തമായത്. ചന്ദ്രികയുടെ എഡിറ്ററായിരുന്ന കാനേഷ് പൂനൂരാണ് കവിതയെഴുത്തുകാരന്റെ രചനാശൈലി മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മാസ്റ്റർ അവസരം കൊടുത്ത ആദ്യ സിനിമയുടെ പേരും കവിത.
അങ്ങനെ, 1973ൽ
''കാലമാം ഒഴുക്കത്തിലുറുമ്പായ് മനുഷ്യന്റെ
ജീവിതം നിമിഷത്തിൻ കൈകളിൽ പിടയ്ക്കുമ്പോൾ....'' എന്ന ഗാനത്തോടെ സിനിമാപ്രവേശം ഗംഭീരമാക്കി. പാടിയത് സുശീല. ആ ചിത്രത്തിനുവേണ്ടി
''സ്വപ്നങ്ങൾ നീട്ടും കുമ്പിൾ നിറയെക്കണ്ണീരുമായ്.... '' എന്ന പാട്ടുമെഴുതി.പാടിയത് യേശുദാസ്. ആ വർഷം മൂന്നു സിനിമകളിലായി എഴുതിയത് 14 ഗാനങ്ങൾ. ചുഴി, കാറ്റു വിതച്ചവൻ എന്നിവയായിരുന്നു മറ്റ് ചിത്രങ്ങൾ.
നാടകകൃത്തു കൂടിയായ ചലച്ചിത്ര നിരൂപകൻ സലാം കാരശ്ശേരിയാണ് എം.എസ്.ബാബുരാജിന്റെ മുന്നിലേക്ക് ഖാദറിനെ എത്തിച്ചത്. സലാം നിർമ്മിച്ച ചുഴി എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ ഗാനങ്ങൾക്ക് ഇന്നും ആസ്വാദകരുണ്ട്. അതിലെ
''ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ..... എന്ന ഗാനം പാടിയത് എസ്.ജാനകി.
എക്കാലത്തേയും ഹിറ്റുകളിൽ ആദ്യത്തേത് പിറന്നത് 1979ൽ.
മൗനമേ നിറയും മൗനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദുഃഖം....
ജാനകിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ഗാനത്തിന് ഈണം പകർന്നത് എം.ജി.രാധാകൃഷ്ണൻ.
പ്രണയം മൂളാൻ പുതുതലമുറയും പാടുന്നതാണ് ചാമരത്തിലെ
`നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു... എന്ന ഗാനം.
ഭക്തി തുളുമ്പുന്ന ഗാനങ്ങളും ആ തൂലികയിൽ പിറന്നു. 1982ൽ അയ്യപ്പനും വാവരും എന്ന ചിത്രത്തിനു വേണ്ടി എ.ടി.ഉമ്മറിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ
ഈശ്വരാ... ജഗദീശ്വരാ...
ഈ വിളി കേൾക്കൂ സർവ്വേശ്വരാ...ഈ ഗാനം അതിലൊന്നു മാത്രം.
കവിയെ തേടി സർക്കാരിന്റെ പുരസ്കാരങ്ങൾ എത്തിയിട്ടില്ല. അതിൽ അദ്ദേഹത്തിന് നഷ്ടബോധമില്ല.
അതിന് ന്യായീകരണവുമുണ്ട്-ഞാൻ പണ്ടെഴുതിയ ഗാനങ്ങൾ ഇപ്പോഴും
പാടുന്നു സംഗീതപ്രേമികൾ. സിനിമാഗാനങ്ങൾ മാത്രമല്ല, ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ... എന്ന ലളിതഗാനം കുട്ടികൾ ഇപ്പോഴും മത്സരവേദികളിൽ പാടുന്നു. പിന്നെന്തിന് നഷ്ടബോധം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |