SignIn
Kerala Kaumudi Online
Thursday, 24 September 2026 5.47 PM IST

ഒളിമ്പിക്സ് ആരവത്തിലേക്ക് ജപ്പാൻ

satish

വേനൽക്കാല പ്രഭയിൽ തിളങ്ങി നിൽക്കുന്ന ജപ്പാൻ ഒളിമ്പിക്സിന്റെ ആരവങ്ങളുയർന്നതോടെ കൂടുതൽ സുന്ദരിയാണിപ്പോൾ. ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടുള്ള കമാനങ്ങളും പോസ്റ്രറുകളുമാണ് ടോക്കിയോയിലും പരിസര പ്രദേശങ്ങളിലുമെല്ലാം. അണുബോംബായും സുനാമിയായും ഭൂകമ്പമായുമെല്ലാം പ്രതിസന്ധികൾ അനവധി വന്നപ്പോൾ നിശ്ചയദാർഢ്യത്തോടെ അതിനെയെല്ലാം മറികടന്നവരാണ് ജപ്പാൻകാർ. അതിനാൽ തന്നെ കൊവിഡിന്റെ രൂപത്തിൽ വന്ന മഹാമാരിയെ തോൽപ്പിച്ച് ലോകത്തിന് വലിയൊരു ഉണർവ് വാക്സിനായി ജൂലായ് 23 മുതൽ ഒളിമ്പിക്സി നടത്തിക്കാണിക്കാനൊരുങ്ങുകയാണ് ജപ്പാനിപ്പോൾ.

കഴിഞ്ഞ വർഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഒളിമ്പിക്സ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്രിവച്ചത്. ഈ വർഷം ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ ചില എതിർപ്പുകൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. ജനസംഖ്യയുടെ നാല്പത് ശതമാനത്തോളം പേരെങഅകിലും പ്രതിഷേധത്തിൽ അണിനിരന്നു.

നടന്നില്ലേൽ വലിയ നഷ്ടം

ഒളിമ്പിക്സ് നടത്താനാകാതെ വന്നാൽ 42 ബില്യൺ ഡോളറിന്റെ നഷ്ടമാകും ജപ്പാനുണ്ടാവുക. കഴിഞ്ഞ വർഷം മാറ്രിവച്ചപ്പോൾ ഉണ്ടായത് 5.8 ബില്യൺ ഡോളറിന്റെ നഷ്ടമാണ്. ഒളിമ്പിക്സിനായി ഓരോവേദിയിലും അമ്പത് ശതമാനം കാണികളെ അനുവദിക്കും. ജപ്പാൻ കാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. വിദേശ കാണികൾക്ക് വിലക്കാണ്. എയർപോർട്ടിൽ നിന്ന് പോകുവാനും മറ്രുമായി ഒളിമ്പിക്സിനോടനുബന്ധിച്ച് കൂടുതൽ ട്രെയിനുകളും പുതിയ എക്സ്‌പ്രസ് ഹൈവേകളും നിർമ്മിച്ചിട്ടുണ്ട്. ടോക്കിയോ ഓർഗനൈസിംഗ് കമ്മിറ്രിക്കാണ് അതിന്റെ ചുമതല. ടീമുകൾ വന്നു തുടങ്ങിയതോടെ ആരവങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ജൂലായ് 9 മുതൽ ഫ്രീ

നിലവിൽ ജപ്പാനിൽ ലോക്ക് ഡൗണില്ല. റസ്റ്ററൻഡുകൾക്ക് മാത്രം രാത്രിയിൽ വിലക്കുണ്ടെന്ന് മാത്രം. 1975 മുതൽ മാസ്ക് ധരിക്കുന്നവരാണ് ജപ്പാൻകാർ. കൊവിഡിനെ ഫലപ്രദമായി ചെറുക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ദിനംപ്രതി അഞ്ഞൂറ് കേസുകളൊക്കെയേ ഉള്ളൂ. ജൂലായ് 9 മുതൽ എല്ലാ വിലക്കുകളും നീക്കുമെന്നാണ് വിവരം.

ദീപശിഖയിൽ തൊട്ടനിമിഷം
ഏറ്രവും അമൂല്യമായ ഒളിമ്പിക്സ് ദീപശിഖയിൽ തൊടാനായത് എന്റെ ജീവിതത്തിലെ ഏറ്രവും മനോഹര നിമിഷമാണ്. കൊവിഡിനെ തുടർന്ന് ജപ്പാനിൽ മാത്രമാണ് ഇത്തവണ ദീപശിഖാ പ്രയാണം. ആദം-ഐ എന്ന ഐ.ടി കമ്പനിയിൽ വൈസ് പ്രസിഡന്റ് ഒഫ് ഗ്ലോബൽ സെയിൽമാനേജരായി ജോലിനോക്കുന്ന ഞാൻ ജപ്പാനിലെത്തിയിട്ട് ഒന്നരവർഷത്തോളമായി. ടോക്കിയോയുടെ സമീപ പ്രദേശമായ നിഗാത്തയിൽ ദീപശിഖയ്ക്ക് ആദം- ഐയുടെ കൂടി നേതൃത്വത്തിലാണ്. അവരുടെ ക്യാമ്പസിൽ നിന്നാണ് അന്നേദിവസം ദീപശിഖാ പ്രയാണം തുടങ്ങിയത്.

വലിയ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോട് കൊണ്ടുവന്ന ദീപശിഖയിൽ ഒന്ന് തൊടണമെന്ന ആഗ്രഹം അധികൃതരോട് പറഞ്ഞപ്പോൾ അവരതിന് സമ്മതിക്കുകയായിരുന്നു. അങ്ങനെ ദീപശിഖാ പ്രയാണത്തിൽ പങ്കുചേരാനായി. അതിന്റെ ത്രില്ല് ഇതുവരെ പോയിട്ടില്ല. ഗുഡ്ഷെപ്പേർഡ് സ്കൂളിലെ അദ്ധ്യാപികയായ ഭാര്യ അഞ്ജുവിനോടും പ്ലസ് ടുക്കാരിയായ മകൾ അനന്യയോടും ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ ആദ്യം അവർക്ക് വിശ്വസിക്കാനായില്ല. ജപ്പാനും ലോകത്തിനുമൊപ്പം ഒളിമ്പിക്സിനായുള്ള കാത്തിരിപ്പിലാണ് ഞാനും.

(തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, OLYMPICS JAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360