SignIn
Kerala Kaumudi Online
Saturday, 27 April 2024 12.44 AM IST

ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനവും ചികിത്സയും പ്രതിസന്ധിയിൽ

online-class

വർക്കല: കൊവിഡ് നിയന്ത്രണങ്ങൾ നീളുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനവും തുടർ ചികിത്സയും പ്രതിസന്ധിയിലാക്കുന്നു. പ്രത്യേക പരിഗണനയും പരിചരണവും വേണ്ട ഈ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് രക്ഷിതാക്കളുടെ പൊതുവേയുള്ള പരാതി.

കുട്ടികളെ നോക്കേണ്ടിവരുന്നതിനാൽ പല മാതാപിതാക്കൾക്കും ജോലിക്ക് പോകാനും കഴിയുന്നില്ല. വർക്കല താലൂക്കിൽ ഏകദേശം 1500 ഓളം ഭിന്നശേഷിക്കാരായ കുട്ടികളുണ്ടെന്നാണ് കണക്ക്. ഓരോ പഞ്ചായത്തുകളിലും ബഡ്സ് സ്കൂളുകൾ പ്രവർത്തനം ഉണ്ടായിരുന്നെങ്കിലും കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ഇവയൊക്കെ അടച്ചിട്ടിരിക്കുകയാണ്.

സ്പീച്ച് തെറാപ്പി, ഒക്യുപേഷൻ തെറാപ്പി, സൈക്കോതെറാപ്പി എന്നിവയിൽ പരിശീലനം നേടിയവരുടെ അപര്യാപ്തത പലയിടത്തും അനുഭവപ്പെടുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ആശ്വാസ് കിരൺ പദ്ധതി പ്രകാരമുള്ള 600 രൂപ പെൻഷൻ കഴിഞ്ഞ രണ്ടുവർഷമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. എല്ലാമാസവും അങ്കണവാടി വർക്കർമാരുടെ പ്രോജക്ട് മീറ്റിംഗിൽ ആശ്വാസകിരണം പദ്ധതി അവലോകനം ഉൾപ്പെടുത്തേണ്ടതും ഗുണഭോക്താക്കളിൽ മരണപ്പെട്ടവരുടെ ലിസ്റ്റ് ശേഖരിച്ച് എല്ലാമാസവും 15ന് മുൻപ് ശിശുവികസന പദ്ധതി ഓഫീസർ കേരള സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് താലൂക്കിൽ പലയിടത്തും പാലിക്കുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ത്രിതല പഞ്ചായത്തുകളും സർക്കാരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സ്വഭാവത്തിലും മാറ്റം

ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാനാകാത്തത് കാരണം നിരന്തര പരിശീലനത്തിലൂടെയും തെറാപ്പികളിലുടെയും നേടിയെടുത്ത കഴിവുകൾ വിദ്യാർത്ഥികളിൽ പലർക്കും നഷ്ടമായി തുടങ്ങി. ഇതേ തുടർന്ന് കുട്ടികളുടെ പെരുമാറ്റത്തിൽ അടക്കം മാറ്റങ്ങൾ വന്നത് മാതാപിതാക്കളുടെ ആത്മവിശ്വാസം തകർക്കുന്നതായും പറയുന്നു.

ഓൺലൈൻ പഠനവും പ്രതിസന്ധിയിൽ

താലൂക്കിൽ നിർദ്ധനരായ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓൺലൈൻ പഠനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മറ്റു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിവിധ സംഘടനകൾ നൽകുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.

ചികിത്സയ്ക്കും പണം വേണം

ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കും മരുന്നിനുമായി മാസംതോറും രണ്ടായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നിർദ്ധനകുടുംബങ്ങൾക്ക് ഇത് താങ്ങാനാവുന്നതല്ല. ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ തലം മുതൽ ബിരുദം വരെ പഠിക്കാനുള്ള സ്കോളർഷിപ്പ് സർക്കാർ പഞ്ചായത്ത് മുഖാന്തരം നൽകുന്നുണ്ടെങ്കിലും ഇത് എല്ലാ കുട്ടികൾക്കും കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

അദ്ധ്യാപകരും പ്രതിസന്ധിയിൽ

സ്വകാര്യമേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പരിശീലകരും നേരിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.